അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

22/09/19

പാണ്ഡുകേശ്വറിലെ ഉറക്കം, തണുപ്പ് ശീലിച്ചിട്ടില്ലാത്തതിനാലാവും  ഇടക്കിടക്ക് ഉണർന്നു.ഇരുപത്തിമൂന്ന് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ ബദരിനാഥെത്തും.ക്ഷേത്രത്തിൽ തിരക്ക് തുടങ്ങുന്നതിന് മുൻപ് എത്തണം.രാവിലെ എഴുന്നേറ്റ് കുളിക്കാനായി കുളിമുറിയിൽ കയറിയെങ്കിലും അസഹനീയമായ തണുപ്പു കാരണം ബദരീനാഥ് എത്തിയശേഷം കുളിക്കാം എന്ന് തീരുമാനിച്ചു.ഒരുവിധം പല്ല് തേച്ചു.ഹോട്ടലിന് സമീപത്തുനിന്നും ചായ ലഭിച്ചു,അതും കുടിച്ച് അഞ്ചരയോടെ യാത്ര തുടർന്നു..അല്പസമയത്തെ യാത്ര കൊണ്ട് മനസ്സിലായി  ലംബാഘട്ടിലെ റോഡിന്റെ അവസ്ഥ... കഴിഞ്ഞദിവസം രാത്രി ഇതുവഴി കട്ടത്തിവിട്ടിരുന്നില്ല.ആപത്ത് സംഭവിച്ചാൽ രാത്രിയിലൊരു രക്ഷാപ്രവർത്തനം എളുപ്പമല്ലാത്തതിനാലാവണം രാത്രിയാത്ര അനുവദിക്കാഞ്ഞത്.എത്രയൊക്കെ ശരിയാക്കിയാലും വീണ്ടും വീണ്ടും മണ്ണിടിയുന്ന മലനിരകൾ ഏകദേശം ഇരുന്നൂറ് മീറ്ററോളം ഒരു വാഹനം മാത്രം ഒരേ സമയം കടത്തിവിടുന്നു.അത് മറുവശത്ത് എത്തിയശേഷം അടുത്തത്...ഇങ്ങനെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനാൽ അല്പസമയം അവിടെ കഴിച്ചുകൂട്ടേണ്ടതായി വന്നു.ശ്വാസം പിടിച്ച് കടന്ന് പോകേണ്ടുന്ന വഴി..ഏത് സമയവും പാറകളും മണ്ണും ഇടിഞ്ഞ് ദുരന്തം ഉണ്ടാവാം..അത് ഇവിടെ പതിവും...കടന്ന് വന്ന പല വഴികളും "ദൈവമേ"...എന്നൊരുൾവിളിയോടയായിരുന്നു...ഇവിടെയും കടന്നുകൂടി...ഒരുവശത്ത് അളകനന്ദാനദി,നദിയിലും തീരത്തും ഇത്തരം ധാരാളം വലിയ പാറക്കല്ലുകൾ വീണുകിടക്കുന്നത് കാണാം..കടന്ന് വന്ന വഴികളിലുള്ളതിനേക്കാൾ കൂടുതലാണ് ലംബാഘട്ടിലെ മണ്ണിടിച്ചിലിൻ്റെ അപകടസാധ്യത.തുടർന്നുള്ള യാത്ര അതിമനോഹരമായ ഭൂപ്രദേശത്തുകൂടിയായിരുന്നു... ധാരാളം ഹെയർപിൻ വളവുകൾ....എവിടേക്ക് നോക്കിയാലും ചെറിയ നീരുറവകളൊഴുകുന്ന മലനിരകൾ.. എല്ലാം ഒഴുകി അളകനന്ദയിലെത്തുന്നു...മിക്കസ്ഥലങ്ങളിലും വളരെയധികം താഴ്ച്ചയിലാണ് നദിയൊഴുകുന്നത്...അതിരാവിലെയായതിനാൽ നല്ല തണുപ്പുണ്ടായിരുന്നു.പല ഭാഗങ്ങളിലും റോഡിന് മുകളിലേക്ക് പാറകൾ ഒരു മേലാപ്പ് തീർത്തിരിക്കുന്നു...ചില സ്ഥലങ്ങളിൽ റോഡിന് വീതി നന്നേകുറവ്.ഇടക്ക് വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നത് കണ്ട് ഇറങ്ങി, ഹനുമാൻ ഛാട്ടി ആയിരിക്കുന്നു.ഇവിടെ റോഡരികിൽ ഹനുമാൻ സ്വാമിയുടെ ഒരു ക്ഷേത്രം ഉണ്ട്.പുരാണമനുസരിച്ച്, ഇവിടെ വച്ചാണ് ദ്രൗപദിയുടെ ആവശ്യപ്രകാരം ഭീമസേനൻ കല്യാണസൗഗന്ധികം അന്വേഷിച്ച് പോയപ്പോൾ തന്റെ ജ്യേഷ്ഠനായ ഹനുമാനെ കാണുന്നത്....ഭീമസേനന് താനൊരു കേമനാണെന്നൊരഹങ്കാരം ഇല്ലാതില്ല...നമ്മുടെയവസ്ഥയും ഏതാണ്ടിതുപോലെ തന്നെ.താനൊരു കേമനാണ് ! തന്നെക്കഴിഞ്ഞേ മറ്റാരുമുള്ളൂ.....

ഭീമസേനൻ നോക്കുമ്പോൾ മാർഗ്ഗമദ്ധ്യേ,യാത്രക്ക് വിഘ്നമായി ഒരു വാനരൻ...പോരെ പൂരം.... കുഞ്ചൻ നമ്പ്യാരുടെ ശൈലിയിൽ പറഞ്ഞാൽ....

നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന
മർക്കടാ ! നീയങ്ങു മാറിക്കിടാ ശഠാ !
ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ നി -
നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?
നാട്ടിൽ പ്രഭുക്കളെക്കണ്ടാലറിയാത്ത
കാട്ടിൽ കിടക്കുന്ന മൂളിക്കുരങ്ങു നീ ,
ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത
കൂട്ടത്തിൽ വന്നു പിറന്നു വളർന്നു നീ ,
ചാട്ടത്തില്നിന്നു പിഴച്ചുപോയോ നിന്റെ
കൂട്ടത്തിൽ മറ്റാരുമില്ലാത്തതെന്തെടോ ?
പെട്ടെന്നെഴുന്നേറ്റു പോകായ്കിലാപത്തു
പെട്ടീടുമെന്നു ധരിക്ക നീ വാനരാ !”...(കല്യാണസൗഗന്ധികം തുള്ളൽ, കുഞ്ചൻ നമ്പ്യാർ)
..

അവിടെ ഭീമസേനൻ നടത്തിയ പരാക്രമങ്ങൾ ഏവർക്കുമറിവുള്ളതാണല്ലോ...അവസാനം തന്റെ പരിമിതികളെ തിരിച്ചറിഞ്ഞ് അഹങ്കാരത്തിന് ശമനം വന്ന് ഭീമസേനൻ വിനയപുരസരം അങ്ങ് ആരാണെന്ന് ചോദിക്കയും,ഹനുമാനാണ് താനെന്ന് സ്വയം വായുപുത്രൻ വെളിപ്പെടുത്തുകയും ചെയ്തു... കല്യാണസൗഗന്ധികത്തിനു വേണ്ടുന്ന മാർഗനിർദേശങ്ങൾ ജ്യേഷ്ഠനായ ഹനുമാനിൽ നിന്നും സ്വീകരിച്ച് തന്റെ ലക്ഷ്യസ്ഥാനത്തെത്തി...

ജീവിതയാത്രയിൽ നമുക്കും ഇത്തരത്തിൽ അഹങ്കരിക്കാതെ മറ്റുള്ളവരെക്കൂടി മനസ്സിലാക്കി ഒരുമയോടെ കടന്നുപോകാൻ കഴിയട്ടെ...

ഹനുമാൻ ഛാട്ടി ക്ഷേത്രനടയിലെത്തി  ഒരു കാണിക്കയൊക്കെ സമർപ്പിച്ച് നമസ്കരിച്ച് യാത്ര തുടർന്നു...യാത്രയിൽ മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതങ്ങൾ ബദരീനാഥ് അടുക്കും തോറും കാണാൻ സാധിക്കും.എട്ട് മണിയോടെ ബദരീനാഥ് എത്തിച്ചേർന്നു.അവിടെ നിന്നും വിദൂരതയിൽ നീലകണ്ഠപർവ്വതം മഞ്ഞിൽപുതച്ച് നിൽക്കുന്നത് കാണാം.വാഹനം പാർക്ക് ചെയ്ത് മുൻകൂട്ടി നിശ്ചയിച്ച മുറിയിൽ എത്തി.അധികം വൈകാതെ തന്നെ കുളിച്ച് ക്ഷേത്രദർശനത്തിനായി പുറപ്പെട്ടു.പോകുന്ന വഴിക്ക് ചൂട് നീരുറവയിൽ നിന്നും ഉള്ള ജലം ശേഖരിച്ചിരിക്കുന്ന തപ്തകുണ്ഡിലും മൂന്ന് തവണ മുങ്ങിനിവർന്നു.സഹിക്കാവുന്നതിനപ്പുറമായിരുന്ന ചൂട്.അറുപത്ഡിഗ്രിയെന്ന് ഹരിയേട്ടൻ....

പ്രകടമായിരുന്നില്ലെങ്കിലും മനസ്സിൽ മോഹം ഉണ്ടായിരുന്നു.അതിനൊരു പരിസമാപ്തി തന്നെയാണ് ഈ ദർശനം.ഏതൊരു തീർത്ഥാടനത്തേക്കുറിച്ചും  അറിയുമ്പോൾ പെട്ടന്ന് അത് സാധിക്കും എന്ന് പ്രതീക്ഷയേയില്ല...ആരാധനാലയങ്ങളിലേക്ക് കടന്ന് ചെല്ലുന്നതിനും ആത്മീയതയുടെ പൊരുളറിയുന്നതിനും മനഃശുദ്ധിക്ക് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്.

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും"

 ഏറെ പ്രശസ്തമായ വാക്യമാണ്.ഏത് മതത്തിലാണെങ്കിലും പ്രഥമമായ പരിഗണന ഒരു വ്യക്തിയുടെ ബാഹ്യവും ആന്തരികമായ ശുദ്ധിക്കുവേണ്ടിയുള്ള ആചാരാനുഷ്ഠാനങ്ങളും ഉപദേശങ്ങളുമാണ്.മനുഷ്യൻ മതത്തിനെ തന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്തോറും;ഒരുവന് തന്നിലുള്ള പരിമിതികളെ തിരിച്ചറിയുന്നതിനും പിഴവുകളെ തിരുത്തുന്നതിനും: മതങ്ങളിൽ അനുശാസിക്കുന്ന ജീവിതവുമായ ബന്ധപ്പെട്ട നിബന്ധനകൾ  പരിപാലിച്ച് ആത്മശുദ്ധീകരണത്തിനും സാധിക്കുന്നില്ല.മതത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നും അകന്ന് സ്വാർത്ഥതയ്ക്ക് പ്രാമുഖ്യം നൽകുന്നവരാകാം പരസ്പരം സഹോദരഭാവത്തിൽ വർത്തിക്കേണ്ടുന്ന വിവിധ മതങ്ങളുടെ സാഹോദര്യം സമൂഹത്തിന് നഷ്ടപ്പെടുന്നത്. വ്രതങ്ങൾക്കൊക്കെ ഇവിടെയാണ് പ്രാധാന്യം.ഓരോ ദിവസവും അടുക്കും ചിട്ടയോടും കൂടി ഒരു പ്രത്യേകകാലയളവുകളിൽ നാം സ്വീകരിക്കുന്ന വ്രതങ്ങൾ നമ്മിൽ ഒരാന്തരിക പരിവർത്തനത്തിന് വഴിതെളിക്കുന്നു....ഇതൊരു തപസ്സ് തന്നെയാണ്....ഓരോ തീർത്ഥാടനകാലങ്ങൾ നാം പിന്നിടുമ്പോഴും അവ നമ്മിൽ നിലനിൽക്കുന്ന കളങ്കങ്ങൾ കഴുകിക്കളയാൻ ഉതകുന്നതാകട്ടെ...........

     നരനാരായണപർവ്വതത്തിന് സമീപത്തായി അല്പം ഉയരത്തിലായി ബദരിധാം. ബദരിക്ഷേത്രത്തിൽ ഞങ്ങൾ ചെല്ലുമ്പോൾ അധികം തിരക്കില്ല,എങ്കിലും ഒരു ചെറിയ ക്യൂ കാണാം.. ക്യൂവിൽ മലയാളികളേയും കാണുവാൻ കഴിഞ്ഞു..അവരെല്ലാം കേദർനാഥ് ദർശനം കഴിഞ്ഞ് പുലർച്ചെ എത്തിയതേയുള്ളൂ.ക്യൂവിൽ അല്പനേരം നിന്ന് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു.അവിടെയും നല്ല തിരക്ക്.അധികം ആളുകൾക്ക് നിൽക്കാൻ സ്ഥലമില്ല...തിരക്കിനിടയിലും ബദരീനാരായണസ്വാമിയെ കാണുവാൻ സാധിക്കും.....ദർശനസായൂജ്യം....

പത്മാസനത്തിലിരിക്കുന്ന മഹാവിഷ്ണുവിൻ്റെ വലിയൊരു പ്രതിഷ്ഠ,സമീപത്ത് ലക്ഷ്മീദേവിയുടേയും നാരദമഹർഷിയുടെയും,ഉദ്ധവരുടേയും,നരനാരായണമഹർഷിമാരുടേയും
 ചെറിയ വിഗ്രഹങ്ങൾ.ദർശനമൊക്കെ കഴിഞ്ഞ് കഴിഞ്ഞ് പുറത്തിറങ്ങി... തിരക്ക് കാരണം അധികനേരം നടയിൽ നിൽക്കാൻ കഴിഞ്ഞില്ല.ദർശനത്തിന് ശേഷം പുറത്തിറങ്ങി ക്ഷേത്രപരിസരത്തൊക്കെ നടന്ന് കണ്ടു.നാരദകുണ്ഡ്,അല്പം അകലെയായുള്ള ബ്രഹ്മകപാൽ എന്ന പിതൃകർമ്മങ്ങൾക്ക് പ്രശസ്തമായസ്ഥലം..പരിസരത്തെല്ലാം കച്ചവടസ്ഥാപനങ്ങൾ... രുദ്രാക്ഷം ,സ്ഫടികം തുടങ്ങി അനേകതരത്തിലുള്ള മാലകളും,വളകളും,പലനിറങ്ങളിലുള്ള കുങ്കുമം,ബാഗുകൾ....ഇങ്ങനെ ഒരു തീർത്ഥാടനകേന്ദ്രത്തിന് സമീപത്ത് സാധാരണ കാണപ്പെടുന്നവയെല്ലാം ഇവിടെയും ലഭിക്കും.ഒപ്പം തണുപ്പിനെ പ്രതിരോധിക്കാൻ  വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ.എല്ലാവരും; യാത്രയിൽ ഭാരമാകാത്ത കുറച്ച് കൗതുകം തോന്നിയവ വാങ്ങിയശേഷം,പ്രഭാതഭക്ഷണം കഴിക്കാൻ ഒരു ഭക്ഷണശാലയിൽ കയറി,ഇഡ്ഡലി തുടങ്ങിയ വിഭവങ്ങൾ ലഭ്യം...വില അല്പം കൂടുമെങ്കിലും ഇത്രയും ദുർഘടമായ പാതയിലൂടെ ഇവ ഇവിടെ എത്തിച്ച് നമുക്ക് ലഭ്യമാക്കുന്നതെന്ന് ചിന്തിക്കുമ്പോൾ ഇതൊന്നും അമിതവിലയല്ല.ഭക്ഷണം കഴിച്ച് മുറിയിലേക്ക് മടങ്ങി.

ക്ഷേത്രത്തിലെ തിരക്കൊക്കെ കഴിഞ്ഞ് റാവൽജി അദ്ദേഹത്തിന്റെ മുറിയിലെത്തിയപ്പോൾ ഹരിയേട്ടനോടൊപ്പം ഞങ്ങൾ റാവൽജിയെക്കണ്ട് നമസ്കരിച്ച് ദക്ഷിണയൊക്കെ സമർപ്പിച്ച് അദ്ദേഹത്തിൽ നിന്നും പ്രസാദവും വാങ്ങി അല്പനേരം അവിടെ ചിലവഴിച്ചു...

മാനായിലേക്ക്...

ചൈന അതിർത്തിയിലുള്ള അവസാനത്തെ വില്ലേജെന്ന പ്രാധാന്യം ഈ ഗ്രാമത്തിനുണ്ട്.ആറ് മാസത്തോളം ഇവിടെ മഞ്ഞ്മൂടിക്കിടക്കുന്നു.പട്ടാളക്കാരുടെ സംരക്ഷണത്തിലാണ് ഇത്തരം അതിർത്തി ഗ്രാമങ്ങളെല്ലാം.ബദരിനാഥിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് മനാഗ്രാമം..ഇവിടെയെല്ലാം ആറ് മാസം മാത്രമാണ് ജനങ്ങൾ വസിക്കുകയെന്നും,മഞ്ഞ് വീണ് തുടങ്ങുമ്പോൾ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പിൻമാറുന്നുവെന്നുമാണ് വായിച്ചുള്ള അറിവ്.നടക്കാവുന്ന ദൂരമേയുള്ളൂ എങ്കിലും വാഹനത്തിൽ പോയിവരുന്നതിനായി അഭിപ്രായം വന്നു.രാത്രിയായാൽ തണുപ്പ് അധികമാകും അത് ചിലപ്പോൾ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാമെന്ന് ഹരിയമ്മാവൻ പറഞ്ഞു.ബദരിയിൽ നിന്നും മനായ്ക്ക് പോയി വരാൻ വാഹനസൗകര്യം ലഭ്യമാണ് ജീപ്പ് ഡ്രൈവറോട് ചോദിച്ചപ്പോൾ അവിടെ പോയി രണ്ട് മണിക്കൂറിന് ശേഷം തിരികെ കൊണ്ട് വരുന്നതിന് അഞ്ഞൂറ് രൂപയാകും.നാലുപേരും ജീപ്പിൽ കയറി മനായിലേക്ക്..പോകുന്നവഴിയിൽ മനാ ലാസ്റ്റ് ഇൻഡ്യൻ വില്ലേജ് എന്നൊരു ബോർഡ് കാണാം.തിരികെ വരുമ്പോൾ അവിടെയിറങ്ങാം എന്ന് തീരുമാനിച്ച് അല്പസമയത്തിനകം മനായിലെത്തി.വാഹനം പാർക്ക്
ചെയ്യുന്നയിടത്തുനിന്നും അല്പം അകലെയായാണ് വ്യാസഗുഹ,ഗണേശഗുഹ,സരസ്വതി നദിയും അളകനന്ദയും സംഗമാക്കുന്ന കേശവപ്രയാഗ്,ഭീംഫുൽ,നാല് കിലോമീറ്റർ അകലെയായി വസുധാര വെള്ളച്ചാട്ടം....

ജീപ്പിൽ നിന്നും ഇറങ്ങി നടന്ന് ഒരു ആർച്ചിന് സമീപം എത്തി, ലാസ്റ്റ് ഇൻഡ്യൻ വില്ലേജിലേക്ക് സ്വാഗതമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.പരിസരത്തായി കമ്പിളി വസ്ത്രങ്ങളുടെ ചെറിയ കടകൾ..ആർച്ചിനുള്ളിൽ കൂടി നേരെ നടന്ന് സരസ്വദീനദിക്ക് സമീപമുള്ള സരസ്വതീ ക്ഷേത്രത്തിൽ കയറി...ഇതിന് സമീപമാണ് കേശവപ്രയാഗ്.ഭീംഫുൽ,ഗ്രാമത്തിലെ അവസാന ചായക്കട.ഭാരതത്തിൻ്റെ ദേശീയ പതാകയും കാണാം.. ..പറഞ്ഞറിയിക്കാൻ കഴിയാത്തത്ര മനോഹരമാണീ പ്രദേശം...മലകളും..നീരുറവകളും...ചെറിയ താഴ്വരകളും...പാറക്കെട്ടുകളും...ഒറ്റയടിപ്പാതകളും...ചെറിയ വെള്ളച്ചാട്ടങ്ങളും..കല്ലിൽ തീർത്ത പടിക്കെട്ടുകളും.......ഇവിടെ നിന്നും ആണ് വസുധാരയിലേക്ക് പോകേണ്ടത് നാല് കിലോമീറ്റർ അകലെ...എട്ട് കിലോമീറ്റർ നടക്കുന്നതിൽ നിന്നും സഹയാത്രികർ പിന്മാറി...അവിടേക്ക് മറ്റൊരിക്കൽ ആകാം എന്ന് ഞാനും കരുതി................ മറ്റൊരിക്കൽ !

വഴിയരികിലായി അഘോരി സമ്പ്രദായത്തിലുള്ളൊരു സന്ന്യാസി ചെറിയ ഗുഹയിൽ അദ്ദേഹത്തിന്റെ സമ്പ്രദായത്തിൽ ഉള്ള  എന്തൊക്കെയൊ പൂജകൾ നടത്തുന്നു.ചുറ്റുപാടും ചിലരൊക്കെ നിൽക്കുകയും അദ്ദേഹത്തിൽ നിന്നു വിഭൂതി സ്വീകരിക്കുകയും ചെയ്യുന്നു....അവിടെ നിന്നും നേരെ വ്യാസഗുഹയിലേക്ക് നടന്നു.ഇടുങ്ങിയ വഴിയിലൂടെ പാറക്കെട്ടുകളിൽ പിടിച്ചു മുകളിലെത്തി...താളിയോലകൾ അടുക്കി വച്ചിരിക്കുന്നതുപോലെ ഗുഹയുടെ മുകൾഭാഗം..... വ്യാസഗുഹ...ചെരുപ്പൊക്കെ അഴിച്ച് വച്ച് ഗുഹക്കുള്ളിൽ പ്രവേശിച്ചു....പത്തോളം തീർത്ഥാടകർ അതിനുള്ളിൽ ഇരിക്കുന്നു.ഉള്ളിലായി വ്യാസമഹർഷിയുടെ ഒരു ശിലാവിഗ്രഹം...ഗുഹക്കുള്ളിൽ മങ്ങിയ വെളിച്ചം മാത്രം സാഷ്ടാംഗം നമസ്കരിച്ചു....

വ്യാസായ വിഷ്ണു രൂപായ
വ്യാസരൂപായ വിഷ്ണവേ | 
നമോ വൈ ബ്രഹ്മനിധയേ
വാസിഷ്ഠായ നമോ നമഃ.

 അല്പനേരം അതിനുള്ളിൽ ഇരുന്നു.........  മഹാഭാരതവും...പുരാണങ്ങളുമൊക്കെ രചിച്ച മഹാ മനീഷി....പരാശരമഹർഷിയുടേയും സത്യവതിയുടെയും പുത്രൻ......കൃഷ്ണദ്വൈപായനൻ..............................

..........അല്പനേരത്തിനുശേഷം ഗുഹയിൽ നിന്നും  ഇറങ്ങി...ഗുഹക്ക് വെളിയിലും അല്പനേരം ചിലവഴിച്ചു... കുറച്ചകലെയായി ഗണേശഗുഹ... അവിടെയും അല്പനേരം ഇരുന്നു... വിദേശികളുൾപ്പടെ ധാരാളം ആളുകൾ അവിടെയും മന്ത്രോച്ചാരണത്തോടെയിരിക്കുന്നു...

ഗണേശഗുഹയ്ക്കു സമീപമായി ആപ്പിൾ വൃക്ഷങ്ങൾ നിൽക്കുന്നത് കാണാം... അധികമില്ല...മാനായിൽ പലയിടത്തും വിരളമായി ആപ്പിൾമരങ്ങൾ കണ്ടിരുന്നു...

വഴിയരുകിൽ ചെറിയ കുടിലുകൾക്ക് മുന്നിലിരുന്ന് കമ്പിളി വസ്ത്രങ്ങൾ തുന്നുന്ന ഗ്രാമീണരുടെ പക്കൽ നിന്നും ആകർഷണം തോന്നിയവ എല്ലാവരും വാങ്ങി....

മാനായിലെ അവസാനമുള്ള ചായക്കടയിൽ നിന്ന് ഓരോ ചായയും കുടിച്ച് മാനായോട് വിടപറയുന്നു....തിരികെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തിയപ്പോൾ മാനായിലേക്ക് വന്ന വാഹനം ഞങ്ങളെക്കാത്ത് കിടപ്പുണ്ടായിരുന്നു...ബദരിനാഥിലേക്ക്....ഇടക്ക് മാനായിലേക്ക് സ്വാഗതമരുളുന്ന ബോർഡിന് താഴെ നിന്ന് ഫോട്ടോയെടുക്കാൻ കഴിഞ്ഞു.ജീപ്പിൻ്റെ ഡ്രൈവർ സഹായിച്ചു...നാലുപേരും കൂടി നിന്ന് ഫോട്ടോയെടുത്തു......
ബദരീനാഥിൽ മടങ്ങിയെത്തിയതിനു ശേഷം ശങ്കരട്രസ്റ്റിൻ്റെ ഗസ്റ്റൗസിൽ നിന്നും പുളിശ്ശേരിയും കണ്ണിമാങ്ങ അച്ചാറും  പായസമുൾപ്പടെ;കുറച്ചു ദിവസങ്ങൾക്കിപ്പുറം ഊണുകഴിച്ചു.......ചെറിയൊരു തുക അവിടെ സമർപ്പിച്ചു....അന്നദാനങ്ങളിൽ എവിടെ പങ്കെടുത്താലും ഏറ്റവും കുറഞ്ഞത് :മറ്റ് രണ്ട് ആളുകൾക്ക് കൂടി അന്നദാനത്തിനുള്ള  തുക സമർപ്പിക്കാറുണ്ട്....ഇവയൊക്കെ എന്നും നിലനിൽക്കണം..ഒരു നേരത്തെ ആഹാരം...അതമൂല്യം.... ആഹാരം...പാഴാക്കാതെയിരിക്കാനെങ്കിലും നമുക്കാകട്ടെ... ആവശ്യത്തിന് മാത്രം ആഹരിക്കാനും......

രണ്ട് മണിയോടെ ബാഗും മറ്റുള്ളവയുമായി കാറിലേക്ക്...ഒരിക്കൽകൂടി ക്ഷേത്രവും പരിസരവും നോക്കിനിന്നു....

ഇനി ഒരിക്കൽ ഇതുവഴി.......വീണ്ടും വരണമെന്ന് ആരോ മന്ത്രിക്കുന്നതുപോലെ.....യാത്ര തുടരുന്നു....ദൂരെ നീലകണ്ഠപർവ്വതം ഹിമത്താൽ മൂടപ്പെട്ട് കിടക്കുന്നു...........

 ഹനുമാൻ ഛാട്ടിയും, പാണ്ഡുകേശ്വറും,ഗോവിന്ദഘട്ടും,ജോഷിമഠും കടന്ന് വന്ന വഴികൾ പിന്നിട്ടുകൊണ്ട്....

Comments

Popular posts from this blog

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"