അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 2


21/09/19...

മനസ്സ് വളരെ ശാന്തമായിരുന്നതിനാൽ ഹരിദ്വാറിലെ രാത്രിയിൽ കിടന്ന് അല്പനേരത്തിനുള്ളിൽ നിദ്രാദേവിയുടെ കടാക്ഷമുണ്ടായി...ഗാഢനിദ്ര.........

 ജീവിതയാത്രയിൽ ഒരുവൻ ദിനവും അനേകം പരീക്ഷണങ്ങളിൽ കൂടി കടന്ന് പോയ്ക്കൊണ്ടിരിക്കുന്നു.... ആശങ്കകളും ആവലാതികളും ഒഴിഞ്ഞ ഒരു കാലം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞുപോയ കാലഘട്ടങ്ങളിൽ തനിക്കും, തൻ്റെ ചുറ്റുപാടിൽ നിന്നും കാണുകയും കേൾക്കുകയും കഥകളിലൂടെയും മറ്റും വായിച്ചറിയുകയും ചെയ്ത ദുഃഖങ്ങളും ദുരന്തങ്ങളും തന്റെ ഭാവിയിൽ തനിക്കും തന്റെ വേണ്ടപ്പെട്ടവർക്കും സംഭവിക്കുമോയെന്ന ആശങ്കകൾ,ഇത്തരം ധാരാളം അസ്വസ്ഥപ്പെടുത്തുന്ന ചിന്തകളാൽ, പ്രസന്നമായി അഭിമുഖീകരിക്കേണ്ടവയെ മാനസികസങ്കർഷത്തോടെ കടന്ന് പോകുമ്പോൾ പരാജയം ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്...മാനസികസങ്കർഷത്തിൽ ഗാഢനിദ്രയെന്ന സുഷുപ്തി ഇന്ന് പലർക്കും ലഭിക്കുന്നില്ല...ദുഃസ്വപ്നങ്ങളാൽ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരംവെളുപ്പിക്കുന്നു...ചിലർ ലഹരിവസ്തുക്കളിൽ അഭയം തേടി ഉറങ്ങുന്നു...നല്ലൊരു ഭക്തൻ തന്റെ ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളെ ദൈവത്തിൻ്റെ പാദങ്ങളിൽ സമർപ്പിച്ച് ശാന്തനായുറങ്ങുന്നു.പൗരാണികമായ ഹരിദ്വാറും ഗംഗാതീരവും ഗംഗാആരതിയും മനസ്സിനെ ശാന്തമാക്കിയതിനാലാവണം വളരെ സഫലമായൊരു ദിനം കഴിഞ്ഞുപോയിരിക്കുന്നു.നാലുമണിക്ക് മൊബൈൽഫോണിൽ അലാറം വച്ചിട്ടുണ്ടായിരുന്നു... പക്ഷേ മൂന്നരയോടെതന്നെ ഉണർന്നു.കുളിയും മറ്റും കഴിഞ്ഞ് മുറിയിൽ കഴുകിവിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മടക്കി ബാഗിലേക്കെടുത്തു വച്ചു.അപ്പോഴേക്കും സഹയാത്രികർ ഓരോരുത്തരായി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.ഹരിദ്വാറിൽ നാലുപേർക്കായി രണ്ട് മുറികളാണ് ലഭിച്ചത്. രണ്ട് കുളിമുറിയുള്ളത് വളരെയധികം സൗകര്യമായിരുന്നു.തലേദിവസം ആഹാരവും മുറിയിൽ ലഭ്യമാക്കിയിരുന്നു...റൊട്ടിയും,ഡാലും,താലിമീൽസും. ആദ്യമായി ആഹാരത്തിന് 850 രൂപയോളമായി,അവയെല്ലാം അടച്ച് ഹോട്ടലിൽ നിന്നും  പുറത്തിറങ്ങി,ബാഗുകളെല്ലാം എടുത്ത്, ഹോട്ടലിന് ഒരു വശത്തുള്ള ഇടുങ്ങിയ വഴിയിൽ പാർക്കുചെയ്തിരിക്കുന്ന കാറിന് സമീപം എത്തിയപ്പോൾ കണ്ടത് |!ആരോ ആഹാരം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ; മുകളിലേതോ നിലയിൽ നിന്നും വലിച്ചെറിഞ്ഞ് കാറിന് ഒരഭിഷേകം തന്നെ നടത്തിയിരിക്കുന്നു."കാറിനും കിട്ടി ഡാലുകറി"യാത്രയിൽ ആദ്യമായി പ്രതികൂലമായൊരനുഭവം...ഹോട്ടലിൽ നിന്നും ഒരു ബക്കറ്റ് വാങ്ങി ചെറുതായൊന്ന് കഴുകി...എല്ലാത്തിനും ഹരിയേട്ടൻ്റെ നേതൃത്വം.ഇതൊക്കെയെന്തെന്ന ഭാവം...

അഞ്ച്മണിയോടെ ബദരീനാഥ് എന്ന, "ഇന്നത്തെ" ലക്ഷ്യത്തിലേക്കുള്ള തീർത്ഥാടനം ആരംഭിച്ചിരിക്കുന്നു.....ഗൂഗിൾമാപ്പെടുത്ത് ദൂരമൊക്കെ നോക്കി....

ഹരിദ്വാർ നിന്നും ഋഷികേശിലേക്ക് 22 km.(45m)..
ഋഷികേശ്--ദേവപ്രയാഗ് 74 km(2.45 hr)...
ദേവപ്രയാഗ്--രുദ്രപ്രയാഗ് 67 km(2.30hr)...
രുദ്രപ്രയാഗ്--കർണ്ണപ്രയാഗ് 32 km(1.15hr).
കർണ്ണപ്രയാഗ്--നന്ദപ്രയാഗ് 21 km(1 hr)...
നന്ദപ്രയാഗ്--പിപ്പൽകോട്ടി 26 km(1 hr)...
പിപ്പൽകോട്ടി--ജോഷിമഠ് 36 km(1.15hr)...
ജോഷിമഠ്--ബദരിനാഥ് 46 km(2 hr).

ഞാൻ ഹരിയേട്ടനോട് പറഞ്ഞു:

"ഹരിയേട്ടാ ഏകദേശം 320 Km പന്ത്രണ്ട് മണിക്കൂറോളം യാത്ര.ഭക്ഷണത്തിന് ഒരു ഒന്നര മണിക്കൂർ എടുത്താലും 
,എല്ലാം കൂടി രണ്ട് മണിക്കൂർ എടുത്താലും... ബദരീനാഥ് എത്താൻ ഒരു പതിനാല് മണിക്കൂർ,ഇപ്പോൾ അഞ്ചര രാത്രി ഒരു ഏഴരയാവുമ്പോഴേക്കും നമ്മളെത്തും."

ഇത് കേട്ട് ഹരിയമ്മാവൻ ഹരിയേട്ടനോട് :
"അഞ്ച് പ്രയാഗിലും ഒന്ന് കയറിയാൽ കൊള്ളാം,ഇപ്പോൾ സമയം കിട്ടുമോന്ന് സംശയമാണെങ്കിൽ മടക്കയാത്രയിൽ മതി.ഏതായാലും ഇവിടെയൊക്കെ ഒന്നിറങ്ങണം,അടുത്തെങ്ങാനും ഇവിടേക്ക് വരാൻ സാധ്യത ഇല്ലല്ലോ..."

ഇത്രയൊക്കെ അഭിപ്രായങ്ങൾ പറഞ്ഞപ്പോഴേക്കും ഋഷികേശ് കഴിഞ്ഞിരുന്നു... തിരികെ വരുമ്പോൾ ഇവിടെയൊന്നിറങ്ങണം (മനോഗതം).പതിവായുള്ള ചായ കിട്ടിയില്ല,ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളാം... എല്ലാവരും ഒരേയഭിപ്രായം...ചായ കുടിക്കണം.നമ്മുടെ നാട്ടിലുള്ളതുപോലെ അധികം ചായക്കടകളൊന്നും കാണുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചരിച്ചതുപോലെയുള്ള വഴികല്ല,വളവും തിരിവും കുണ്ടും പോരാത്തതിന് ചാർധാം പ്രോജക്ടിൻ്റെ ഭാഗമായി ബോർഡർ റോഡ് ഓർഗനൈസേഷൻ(BRO) റോഡ് വിപുലീകരിക്കയും ചെയ്യുന്നു.ഒരു വർഷത്തിനുള്ളിൽ ഗംഗോത്രി,യമുനോത്രി, കേദാർനാഥ്, ബദരീനാഥ് ഇവിടേക്കെല്ലാം നല്ല റോഡുകളുണ്ടാകുമെന്ന് അത്യാധുനിക ഉപകരണങ്ങളാൽ ജോലി പുരോഗമിക്കുന്നതു കണ്ടാൽ ബോധ്യമാകും... പ്രതികൂലമായ കാലാവസ്ഥയും പതിവായുണ്ടാകുന്ന മണ്ണിടിച്ചിലും പ്രധാന തടസ്സമാണ്.മണ്ണിടിയുന്നതിന് പ്രത്യേകിച്ച് സമയമൊന്നുമില്ല.മലകളുടെ പ്രത്യേക ഘടനകണ്ടാൽ മനസ്സിലാകും  എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് വീഴാം.യാത്രയിലുടനീളം റോഡിലേക്ക് മണ്ണിടിഞ്ഞും,പാറകളടർന്ന് വീണും യാത്രികർക്കും BRO ക്കും തടസ്സം സൃഷ്ടിക്കുന്നത് കാണാം.

ഋഷികേശ് കഴിഞ്ഞ് അഞ്ചേമുക്കാൽ കഴിഞ്ഞപ്പോൾ വഴിയരികിലായി ചായക്കട കണ്ടു.അവിടെ നിന്ന് ചായകുടിച്ച് ബ്രഡും കഴിച്ചു....

ഹരിയേട്ടൻ ഇടക്ക് പരിചയക്കാരൻ കൂടിയായ ബദരീനാഥ് റാവൽജിയെ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്നത് കണ്ടിരുന്നു.മുൻപരിചയം ഉള്ളതിനാൽ മലയാളികൂടിയായ റാവൽജിയുടെ നേതൃത്ത്വത്തിൽ ഉള്ള ശങ്കരട്രസ്റ്റിൻ്റെ ഗസ്റ്റ്ഹൗസിൽ അന്ന് വൈകുന്നേരം താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.റാവൽജിയെ; തിരക്ക് കാരണം ആവാം നേരിട്ട് കിട്ടിയില്ല,ട്രസ്റ്റിൻ്റെ മറ്റാരൊ ഹരിയേട്ടനെ തിരികെ വിളിച്ച് വേണ്ടുന്ന സൗകര്യങ്ങൾ ലഭ്യമാണെന്നറിയിച്ചു.കൂടാതെ യാത്രയെപ്പറ്റിയും ചോദിച്ചിരുന്നു.

ബദരീനാഥിനെപ്പറ്റി....

അതിബൃഹത്തായ ഒരു വിവരണത്തിന് മുതിരുന്നില്ല....ശതാബ്ദങ്ങൾക്ക് മുൻപ് അളകനന്ദയിലേക്ക് വലിച്ചെറിയപ്പെട്ട ബദരീനാരായണസ്വാമിയുടെ വിഗ്രഹം ആദിശങ്കരാചാര്യസ്വാമികളാണ് ഇന്ന് കാണുന്നരീതിയിൽ നാരദകുണ്ഡിൽ നിന്ന് പുറത്തെടുത്ത് പ്രതിഷ്ഠിച്ച് മലയാളിയായ ഒരു പുരോഹിതനേയും നിയമിച്ചത്.മറ്റ് സഹായികളായവരെല്ലാം ഗഡ്വാൾ മേഖലയിൽ നിന്നും ഉള്ളവരാണ്.. ക്ഷേത്രം ആറ് മാസം മാത്രമാണ് തുറക്കുക.മഞ്ഞ് കാലങ്ങളിൽ മഞ്ഞിന്റെ പുതപ്പണിഞ്ഞ് ക്ഷേത്രം കിടക്കുന്നു.... തീർത്ഥാടകർക്കും ആറ് മാസം മാത്രമാണ് പ്രവേശനാനുമതി.മഹാഭാരതത്തിലെ പാണ്ഡവരുടെ മഹാപ്രസ്ഥാനവുമായും..നരനാരായണമഹർഷിമാരുമായും,മഹാഭാരതകർത്താവായ വ്യാസമഹർഷി മഹാഭാരതം രചിച്ച വ്യാസഗുഹയും,ഗണേശഗുഹയും..ഇങ്ങനെ മറ്റ് പുരാണങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശം... ഉത്തരാഖണ്ഡിൽ ആകെ  പുരാണസംബന്ധമുള്ള ക്ഷേത്രങ്ങളും ആശ്രമങ്ങളും അനവധിയാണ്.എല്ലായിടത്തും സന്ദർശനം നടത്തുകയെന്നത് ഒരു ജന്മം കൊണ്ട് അസാധ്യം.

കാറ് നിർത്തിയപ്പോഴാണ്; പുരാണങ്ങളിലേക്ക് തീർത്ഥാടനം നടത്തിയ മനസ്സ് വർത്തമാനകാലത്തിലേക്ക് എത്തിയത്.ചിന്തകൾ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ തടസ്സമായി...പുറത്തേക്ക് നോക്കിയപ്പോൾ അതിമനോഹരമായ ദൃശ്യങ്ങൾ അതോടൊപ്പം നിരാശാജനകമായ കാഴ്ച്ചയും വളഞ്ഞ് പുളഞ്ഞ് മലമടക്കുകളിൽകൂടി കടന്നുപോകുന്ന വഴി നീളെ വാഹനങ്ങൾ നിരനിരയായി നിറുത്തിയിട്ടിരിക്കുന്നു.എന്താണ് കാരണമെന്ന് വ്യക്തമായില്ല.എല്ലാവരും വാഹനങ്ങളിൽ നിന്നും ഇറങ്ങി അങ്ങുമിങ്ങും നടക്കുന്നു,ചിലർ കൂട്ടംകൂടി എന്തൊക്കെയോ ചർച്ചകൾ... ഏതായാലും ഞങ്ങളും പുറത്തിറങ്ങി.ആദ്യം കണ്ടത് ഒരു മയിൽക്കുറ്റി ആണ്..അല്ല കിലോമീറ്റർ കുറ്റി 

  07/58
 माना 253 
देवप्रयाग 23 

ഞങ്ങളും എന്തെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.മാർഗ്ഗതടസ്സം. റോഡിൽ മണ്ണിടിഞ്ഞ് കിടക്കുന്നു, പ്രതീക്ഷക്ക് വകയുണ്ട് ! മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്നു.വാഹനങ്ങളുടെ നീണ്ടനിര കണ്ടാലറിയാം മണ്ണിടിഞ്ഞ് വീണിട്ട് കുറേയേറെ നേരമായെന്ന്.. ഏതായാലും വൈകും; ക്യാമറയും ഫോണും എടുത്ത് വഴിയരികിൽ കൂടി മുന്നോട്ട് നടന്നു.അങ്ങ് ദൂരെ..... മുൻപെങ്ങോ ഒരു മല തന്നെയിടിഞ്ഞ് അഗാധതയിലേക്ക് പതിച്ചിരിക്കുന്ന ഭീകരമായ കാഴ്ച്ച.ഇടക്ക് ഇത്തരം കാഴ്ച്ചകളുണ്ടെങ്കിലും പ്രകൃതി അതീവ സുന്ദരിയായി നിൽക്കുന്നു...പ്രകൃതിയിലെ നിമ്നോന്നതികൾ അവളെ കൂടുതൽ സൗന്ദര്യവതിയാക്കുന്നു....ഒരുവശത്ത് ഏത് സമയത്തും ഇളകിവീഴാവുന്ന അതിബൃഹത്തായ മലകൾ...മറുവശത്ത് അഗാധത.കുറേ മുന്നോട്ട് നടന്നപ്പോൾ ഒന്നിലധികം മണ്ണുമാന്തികൾ അവയുടെ തുമ്പിക്കരങ്ങൾകൊണ്ട് മാർഗ്ഗതടസ്സം നീക്കുന്നു.റോഡിൽ നിൽക്കുന്ന പണിക്കാരോട് അറിയാവുന്ന ഹിന്ദിയും ഇംഗ്ലീഷും പ്രയോഗിച്ചു.ഇത്തരം യാത്രകളിൽ ഇംഗ്ലീഷ് അറിയാവുന്നവർ വളരെ കുറവാണ്,ഹിന്ദിയാണ് എവിടേയും! അതും നമുക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ശൈലി .അവർ പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായത് റോഡുപണിയുടെ ഭാഗമായി മലയിടിച്ചു നിരത്തിയപ്പോളാണിവിടെ മണ്ണിടിഞ്ഞത്..മലയുടെ അല്പം മുകളിലും ഒരു മണ്ണുമാന്തിയെക്കാണാം..ആശ്വാസമായത്  അരമണിക്കൂറിനുള്ളിൽ യാത്ര തുടരാമെന്നതാണ്...തിരികെ കാറിനടുത്തേക്ക് നടന്നു.സഹയാത്രികരുമായി വിവരം പങ്കുവച്ച് കഴിഞ്ഞപ്പോഴേക്കും വാഹനങ്ങൾ ചലിച്ച് തുടങ്ങി..ഞങ്ങളും പെട്ടന്ന് കാറിലേക്ക് കയറി.....മണ്ണിടിഞ്ഞത് നന്നായെന്നെനിക്ക് തോന്നി, എട്ടര മുതൽ ഒൻപതേമുക്കാൽ വരെ പ്രകൃതിയിലേക്ക് ഇറങ്ങാൻ കഴിഞ്ഞു....തടസ്സങ്ങളിൽ തളരാതെ അതിജീവിക്കുകയെന്നത് ജീവിതവിജയത്തിന് ഉപകരിക്കും...എപ്പോഴും കഴിയാറില്ല... എങ്കിലും...

പത്തുമണി കഴിഞ്ഞപ്പോൾ ദേവപ്രയാഗിലെത്തി,അവിടെ പ്രഭാതഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൻ്റെ പിൻഭാഗത്ത് നല്ലൊരു വ്യൂപോയിൻ്റ്.ആലുപൊറോട്ടയും ഡാല് കറിയും പറഞ്ഞ്, എല്ലാവരും അല്പനേരം ഹോട്ടലിന്റെ വ്യൂപോയിൻ്റിൽ ചിലവഴിച്ചു.അധികം അകലെയല്ലാതെ ദേവപ്രയാഗ്,അളകനന്ദയും ഗംഗോത്രിയിൽ നിന്നും മലനിരകളിൽ കൂടി ഒഴുകി വരുന്ന ഭാഗീരഥിയും സംഗമിക്കുന്ന പുണ്യതീർത്ഥം.... പ്രകൃതി സൗന്ദര്യം ക്യാമറയിലാക്കിയെങ്കിലും; ചിത്രങ്ങൾക്ക് കാഴ്ച്ചയെ മാത്രമേ സ്വാധീനിക്കാൻ കഴിയുകയുള്ളൂ....പഞ്ചേന്ദ്രിയങ്ങളേയും അനുഭൂതിയിലെത്തിക്കാൻ അവിടെയെത്തുകതന്നെ വേണം...ചിത്രങ്ങളെടുത്തുകൊണ്ടിരിക്കുമ്പോഴേക്കും ആഹാരം എത്തി,കഴിച്ച് അവിടെ നിന്നും പുറപ്പെടുമ്പോൾ പത്തേമുക്കാലോളമായിരിക്കുന്നു.പ്രകൃതി സൗന്ദര്യം മനസ്സിനേയും ആഹാരം ഉദരത്തേയും തൃപ്തിപ്പെടുത്തി.

യാത്രാമദ്ധ്യേ ശ്രീനഗറിന് സമീപം റോഡിൽ ചെറുതായി തടസ്സങ്ങളുണ്ടായതൊഴിച്ചാൽ ഏകദേശം ഒരു മണിയോടെ രുദ്രപ്രയാഗെത്താൻ സാധിച്ചു.ഇവിടെയാണ് കേദാർനാഥിൽ നിന്നും ഉത്ഭവിച്ച് നൂറ് കിലോമീറ്ററോളം ഒഴുകിവരുന്ന മന്ദാകിനിയും ബദരിനാഥിൽ നിന്നും ഒഴുകി വരുന്ന അളകനന്ദയും സംഗമിക്കുന്ന തീർത്ഥം.

നന്ദാദേവിയിൽ നിന്നും ഉത്ഭവിച്ച് കിലോമീറ്ററുകളോളം ഒഴുകിവരുന്ന പിണ്ഡാർഗംഗയും അളകനന്ദയും സംഗമിക്കുന്ന കർണ്ണപ്രയാഗ് രണ്ടരയോടെ കടന്നുപോയി.നന്ദാകിനിയും അളകനന്ദയും സംഗമിക്കുന്ന നന്ദപ്രയാഗും,ധാരാളം കൃഷിസ്ഥലങ്ങളുള്ള ചമോലിയും പ്രതികൂലമായ റോഡിൽ കൂടി   പിന്നിട്ട് പിപ്പൽകോട്ടിയെത്തുന്നതിന് മുൻപ് വീണ്ടും ഗതാഗത തടസ്സം.വാഹനങ്ങളുടെ നീണ്ടനിര...സമയം ഏകദേശം അഞ്ചര.ഇനിയും നൂറിലധികം കിലോമീറ്ററുകൾ പിന്നിട്ടാലെ ബദരിനാഥ് എത്തുകയുള്ളൂ... കർണ്ണപ്രയാഗിൽ നിന്നും പിപ്പൽകോട്ടി വരെ നാൽപ്പത്തിയഞ്ചോളം കിലോമീറ്റർ ദൂരമേയുള്ളൂ എങ്കിലും റോഡിന്റെ പരിതാപകരമായ സ്ഥിതിമൂലം മൂന്ന് മണിക്കൂറോളം എടുത്തു ഇവിടെയെത്താൻ...എപ്പോഴൊക്കെയോ ഹരിയേട്ടൻ അസ്വസ്ഥമാകുന്നു..മോശമായറോഡിൽകൂടി കാറ് കുഴികളിൽ നിന്നും കുഴികളിലേക്ക്  ചാടിപ്പോകുമ്പോൾ  ഉണ്ടാകുന്ന ഒരു നെഞ്ചിടിപ്പല്ലേയെന്ന് സംശയിച്ചു..മാത്രമല്ല ഇടക്ക് ആരുടെയൊക്കെയോ നാട്ടിൽ നിന്നും ഉള്ള ഫോൺ കോളുകൾ... യാത്ര ആസ്വദിക്കുന്നുവെങ്കിലും എല്ലാവരും, മറ്റ് അത്യാവശ്യങ്ങൾ പലതും മാറ്റിവച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്....

പിപ്പൽകോട്ടിക്ക് സമീപമുള്ള മാർഗ്ഗതടസ്സംകൂടിയായപ്പോൾ നിരാശക്ക് പൂർണ്ണത കൈവന്നു.യാത്ര കാറിലായതിൽ പിഴവുപറ്റിയൊയെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.ഹരിയേട്ടൻ ഇതുവരെയും കാറിന്റെ വളയം ആർക്കും കൈമാറാതെ മൂവായിരത്തോളം കിലോമീറ്റർ....മടുത്ത് തുടങ്ങിയിട്ടുണ്ടോ....ഏയ് റോഡിന്റെ മോശം സ്ഥിതിയാവും അസ്വസ്ഥമാക്കുന്നത്...ആറ് മണി...ആറേകാൽ.. മാർഗ്ഗതടസ്സം കുറയുന്നില്ല.ഒരു തീരുമാനത്തിലെത്തി,പിപ്പൽകോട്ടിൽ മുറിയെടുത്ത് ബാഗുകളും മറ്റും മുറിയിൽ വച്ച് അത്യാവശ്യം വസ്ത്രങ്ങളെടുത്ത് ഒരു ടാക്സിയിൽ യാത്ര തുടരുക.കാറ് ഹോട്ടലിൽ ഇടുക.എല്ലാവരും അംഗീകരിച്ചു.യാത്രക്കാരുമായി അവിടെയുണ്ടായിരുന്ന ടാക്സികളിൽ അന്വേഷിച്ചു..നാലായിരത്തിലധികം രൂപയാകും.കൂടാത്തതിന് മുറിവാടകയും.. ഏതായാലും ചിലവാണ് അങ്ങനെതന്നെ ചെയ്യാം.അല്പമൊരാശ്വാസം ഉണ്ടായതായിത്തോന്നി.അതിനുശേഷമൊരു ടാക്സിഡ്രൈവറോഡ് അന്വേഷിച്ചപ്പോൾ, ഇപ്പോഴുള്ള തടസ്സം മാറിയാൽ റോഡ് വളരെ നല്ലതാണെന്നും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ വേഗത്തിൽ യാത്ര ചെയ്യാമെന്നും  അറിഞ്ഞു.......കാത്തിരിക്കാം...തടസ്സം മാറട്ടെ....

വളരെ മനോഹരമായ പ്രദേശം...അങ്ങ് താഴെ...അളകനന്ദയൊഴുകുന്നു..... ഗതാഗത തടസ്സമുണ്ടായിരിക്കുന്നയിടം അതീവ സുന്ദരം....വളഞ്ഞ് പുളഞ്ഞ് മലകളെ പുൽകി കടന്ന് പോകുന്ന വഴികൾ...ഇവിടെയും കാത്തിരിപ്പിന്റെ അവസരം വെറുതെ കളഞ്ഞില്ല...പരിസരമൊക്കെ കണ്ടാസ്വദിച്ചു.ധാരാളം ചിത്രങ്ങളെടുത്തു...എപ്പോഴും ക്യാമറയിലും ഫോണിലും ചിത്രങ്ങളെടുത്ത് നടക്കുന്ന എന്റെ രീതി സഹയാത്രികർക്ക് അസഹനീയമാകുന്നുണ്ടൊ ആവോ... എനിക്ക് ഇതിൽ നിന്നും പിന്മാറാൻ കഴിയുന്നുമില്ല...യാത്രയൊക്കെ കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ,യാത്രാനുഭവങ്ങളോടൊപ്പം ചിത്രങ്ങൾക്കും യാത്രയെപ്പറ്റി ചിലത് പറയാനുണ്ടാകും.....

മിക്കപ്പോഴുമുണ്ടാകുന്ന മലയിടിച്ചിൽ ആണ് റോഡിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം....ഇതൊക്കെ കാണുമ്പോൾ നാം മനുഷ്യർ എത്ര നിസ്സാരന്മാരെന്ന് തോന്നിപ്പോകുന്നു...

ആറേമുക്കാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു...

പിപ്പൽകോട്ടിക്ക് സമീപത്ത് നിന്നും ആദ്യമായി ഹിമവാൻ്റെ ദർശനം ലഭിച്ചു.മഞ്ഞിൽ പുതച്ച് നിൽക്കുന്ന മലനിരകൾ....മനോഹരവും ജീവിതത്തിൽ ആദ്യമായുള്ള ഹിമാലയദർശനവും....മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പിപ്പൽക്കോട്ടിയിലും തുടർന്ന് വരുന്നിടങ്ങളിലെ ഹോട്ടലുകളിലും താമസസൗകര്യത്തിനായി അലഞ്ഞെങ്കിലും ഉപകരിച്ചില്ല..ഹോട്ടലുകൾ പലതും അടഞ്ഞ് കിടക്കുന്നതായും കണ്ടു.കുറച്ച് ദൂരം കൂടി പിന്നിട്ടശേഷം  പെട്രോൾപമ്പിന് സമീപം ഒരു ടാക്സി ശ്രദ്ധയിൽപ്പെട്ടു.അദ്ദേഹത്തോട് തിരക്കിയപ്പോൾ ബദരിനാഥ് പോകാൻ തയ്യാറാണ്,അയ്യായിരം രൂപയാകും,കാറ്, റോഡരുകിൽ അദ്ദേഹത്തിൻ്റെ ടാക്സി കിടക്കുന്നിടത്ത് പാർക്ക് ചെയ്ത് പോകുകയും ചെയ്യാം.ഹരിയേട്ടൻ മറുപടി പറയാതെ കാറിൽ കയറി എല്ലാവരോടും ഇതവതരിപ്പിച്ചു... റോഡരികിൽ രണ്ട് ദിവസത്തേക്ക് പാർക്ക് ചെയ്ത് പോകാനും തോന്നിയില്ല...സമയം ഏഴ് കഴിഞ്ഞിരിക്കുന്നു...

മടിക്കേണ്ട ! യാത്ര തുടരാം വരുന്നിടത്ത് വച്ച് കാണാം..അതായിരുന്നു എല്ലാവരുടേയും അഭിപ്രായം..ഇരുട്ടിത്തുടങ്ങുന്നു...മോശമല്ലാത്ത റോഡിൽക്കൂടി യാത്ര തുടർന്നു....... ജോഷിമഠും,ധൗളീഗംഗയുമായി അളകനന്ദ ചേരുന്ന വിഷ്ണുപ്രയാഗും ഗോവിന്ദഘട്ടും കഴിഞ്ഞ് പാണ്ഡുകേശ്വർ വരെ തടസ്സങ്ങളൊന്നുമില്ലാതെ പോകാൻ കഴിഞ്ഞു...എട്ട് മണിയായിരിക്കുന്നു...പക്ഷേ...

പാണ്ഡുകേശ്വറിന് അപ്പുറത്തേക്ക് വാഹനങ്ങളെ കടത്തി വിടുന്നില്ലെന്ന് മുൻപിൽ  
കിടക്കുന്നവയിൽ നിന്നും അറിയാൻ കഴിഞ്ഞു...ലംബാഘട്ടിൽ മണ്ണിടിയുന്നുവെന്നും ഒരു കാരണവശാലും കടത്തിവിടാൻ കഴിയില്ലെന്നും അറിയാൻ കഴിഞ്ഞു.. പതിവായി മലയിടിഞ്ഞ് അപകടങ്ങളുണ്ടാകുന്ന പ്രദേശമാണ് ലംബാഘട്ട്..കഴിഞ്ഞയേതോ ദിവസം ഇത്തരത്തിൽ ഒരു ബസിന് മുകളിലേക്ക് മലയിടിഞ്ഞ് അപകടം നടന്നതിന്റെ ദൃശ്യങ്ങൾ കണ്ടിരുന്നു.പിപ്പൽകോട്ടി മുതൽ ഹോട്ടലുകളിൽ അലഞ്ഞ് മടുത്തതിനാലാവും ഇത് കേൾക്കേണ്ട താമസം പ്രസാദേട്ടനും ഹരിയമ്മാവനും കൂടി സമീപത്തുള്ള ഹോട്ടലിൽ മുറിയെടുത്തു... എല്ലാം വളരെ വേഗത്തിൽ....കടത്തി വിട്ടിരുന്നെങ്കിൽ ഒരു മണിക്കൂർ സമയം മതിയാകുമായിരുന്നു,ശേഷിക്കുന്ന 23 Km സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ.....

ഹോട്ടലിന് പുറത്തായി റോഡിൽ കാർ പാർക്ക് ചെയ്ത്, അത്യാവശ്യം ബാഗുകളും എടുത്ത് റൂമിലെത്തി....

തണുപ്പ് കൂടിക്കൂടി വരുന്നു...സ്വെറ്ററൊക്കെ ധരിച്ച് പുറത്തിറങ്ങി സമീപത്തുള്ള തരക്കേടില്ലാത്ത റെസ്റ്റോറന്റിൽ നിന്നും കുറച്ച് ദിവസങ്ങളായി പതിവുള്ള റൊട്ടിയും മറ്റും കഴിച്ച്  ഒൻപതരയോതെ തിരികെ റൂമിലെത്തി കിടന്നപ്പോഴേക്കും കൈകാലുകൾ മരവിക്കുന്ന തരത്തിൽ അന്തരീക്ഷം തണുത്തിരിക്കുന്നു.... ബദരീനാഥ് ഇന്നെത്തണം എന്നത് നടന്നില്ല.എങ്കിലും വിശ്രമത്തിനായി ഹോട്ടൽ ലഭിച്ചുവെന്ന ആശ്വാസത്തിൽ ഇതുവരെക്കടന്ന ദൈർഘ്യമേറിയ,അപകടങ്ങൾ പതിയിരിക്കുന്നു യാത്രാനുഭവങ്ങളുടെ ഓർമ്മയിലും നാളെ ബദരീനാരായണസ്വാമിയെ ദർശിക്കാൻ കഴിയുമല്ലോയെന്നും ചിന്തിച്ച് ഉറക്കത്തിലേക്ക് വഴുതി വീണു......

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"