അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ....ഭാഗം 1


ബദരീനാഥ് ധാമിലേക്ക് ഒരു യാത്ര എന്നോ ഒരിക്കൽ മനസ്സിൽ കടന്ന്കൂടിയിരുന്നതിനാലാവണം...ഹരിയേട്ടനും ഹരിയമ്മാവനും പ്രസാദേട്ടനും  വരുന്നോയെന്ന് ചോദിച്ചപ്പോൾ തന്നെ ലീവിന് അപേക്ഷിച്ചത്...അങ്ങനെ ഞങ്ങൾ നാലുപേർ യാത്രക്ക് തയ്യാറായത്.തുടക്കത്തിലെ തന്നെ ഹരിയേട്ടൻ യാത്ര അദ്ദേഹത്തിന്റെ Ertiga-യിൽ ആവാം എന്ന് പറഞ്ഞു... ധാരാളം ഭാരതത്തിലുടനീളം യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ കാറിൽ പോകാമെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.പൊതു അഭിപ്രായം മാനിച്ച് വാഗബോർഡറും, ജാലിയൻ വാലാബാഗും,അമൃത്സർ സുവർണ്ണ ക്ഷേത്രവും,അക്ഷർധാം ക്ഷേത്രവും താജ്മഹലും യാത്രയിലിടം പിടിച്ചു.അങ്ങനെ അത്യാവശ്യം പാചകത്തിനുള്ള സാമഗ്രികളുൾപ്പടെ സെപ്റ്റംബർ 17 ന് ചെട്ടികുളങ്ങര നിന്നും യാത്ര തുടങ്ങി.തിരുവല്ല-മുണ്ടക്കയം-കുട്ടിക്കാനം-പീരുമേട്-കുമളി-കമ്പം-തേനി-ഡിണ്ടിഗൽ-നാമക്കൽ വഴി പുലർച്ചെ നാല് മണി ആയപ്പോഴേക്കും ബംഗളൂരു എത്തി....

18/9/19 നേരം പുലരുന്നു..

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി ആഹാരം,വിശ്രമം ഇവയ്ക്കു ശേഷം യാത്ര തുടർന്നു... കാറിൽ അത്യാവശ്യം പഴം,ഏകദേശം 60 ലിറ്ററോളം വെള്ളം ഇവ കരുതിയിരുന്നതിനാൽ ആഹാരത്തിന്റെ സമയ ക്രമം തെറ്റാതെ ശ്രദ്ധിച്ചിരുന്നു.യാത്രയിൽ ശ്രദ്ധയിൽ പെട്ട ഒരു കാര്യം സഞ്ചരിച്ച മിക്കവാറും ഹൈവേക്ക് സമീപങ്ങളിലും ഡാബകൾ കാണാം എന്നതൊഴിച്ചാൽ മറ്റ് റെസ്റ്റോറന്റുകൾ വളരെ വളരെ കുറവായിരുന്നു.ഡാബകളിൽ അഞ്ചാറ് കട്ടിലുകൾ മികക്കസ്ഥലങ്ങളിലും പുറത്തിട്ടിരുന്നു, ട്രക്ക് ഡ്രൈവർമാർ ഇവിടെയാണ് വിശ്രമിക്കുക.അവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ മിക്കവാറും എല്ലാ ഢാബകളിലും കാണ്ടിരുന്നു.മിക്കദിവസങ്ങളിലും പ്രഭാതഭക്ഷണവും, അത്താഴവും റൊട്ടിയും ഡാലും ആയിരുന്നു,അതും നമ്മൾ ഓർഡർ ചെയ്തശേഷമാണ് അവർ മാവ് കുഴച്ച് റൊട്ടി ചുട്ടെടുത്തിരുന്നത്,അതിനാൽ എണ്ണ അധികം ഉപയോഗിക്കരുതെന്നൊ, ഒഴിവാക്കണമെന്നൊ ആവശ്യപ്പെടാൻ സാധിച്ചിരുന്നു.അച്ചാറും ഇവിടങ്ങളിൽ പ്രിയമാണെന്ന് തോന്നുന്നു...മാത്രമല്ല ചായയിൽ നമുക്ക് ആവശ്യമുള്ളതിലധികം പഞ്ചസാരയും ചേർത്തിരുന്നു. മിക്കസ്ഥലങ്ങളിലും അല്പം ഇഞ്ചിയും ചായയിൽ ചതച്ച് ചേർത്താണ് ചായ ലഭിക്കുക.ഏതായാലും ഇതെല്ലാം  പുതിയ അനുഭവങ്ങളായി.അല്പം വൈകിയിട്ടാണെങ്കിലും ഹൈദരാബാദ് നെഹ്റു റിങ്ങ് റോഡിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോഡരികിൽ അത്യാവശ്യം സ്ഥലം ലഭിച്ചിടത്ത് ചെറിയ രീതിയിൽ ആഹാരം പാകം ചെയ്ത് കഴിച്ചു..പൊടിയരിയും,ചെറുപയറും ചേർന്ന കഞ്ഞിയും കൂടെ അച്ചാറും ചമ്മന്തിപ്പൊടിയും, കൂടാതെ അല്പം സവാള ചെറു കഷണങ്ങളാക്കി ഉപ്പും ചേർത്തപ്പോൾ വളരെയധികം രുചികരമായി തോന്നി...വിശപ്പാണ് ആഹാരത്തിന്റെ രുചി നിർണ്ണയിക്കുന്നതെന്ന് ആരോ കമന്റും പറയുകയുണ്ടായി.ആഹാരത്തിന് ശേഷം പാത്രങ്ങളും മറ്റും വൃത്തിയാക്കി നാഗ്പൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു.മുൻക്കൂട്ടി ജോമോൻ എന്ന സുഹൃത്തിന്റെ സഹായത്തോടെ നാഗ്പൂരിൽ താമസസൗകര്യം ലഭ്യമാക്കിയതിനാൽ അധികം അലയാതെ തന്നെ 10 pm ന് നാഗ്പൂരിൽ എത്തിയ ഉടനെ തന്നെ സൗഹൃദ സന്ദർശനവും,അതിന് ശേഷം കുളിച്ച് ഭക്ഷണവും കഴിഞ്ഞ് ഉറങ്ങാൻ കിടന്നു.... ഏകദേശം യാത്രയിലെ 1700 ൽ അധികം കിലോമീറ്ററുകൾ താണ്ടിയിരിക്കുന്നു.....ഇനിയും അത്രത്തോളമോ അതിലധികമൊ തന്നെ ബാക്കി നിൽക്കുന്നു....

19/09/19....

 നാല് മണിയോടെ എല്ലാവരും ഉണർന്നു... ഇനിയും വളരെയധികം ദൂരം യാത്ര ചെയ്യേണ്ടതിനാൽ  വൈകാതെ എല്ലാവരും കുളിയൊക്കെ കഴിഞ്ഞ് 5.30 am ആയപ്പോഴേക്കും യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞു...അടുത്തടുത്ത ദിവസങ്ങളിലേക്കുള്ളവ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്നതിനാൽ വസ്ത്രങ്ങൾക്കും മറ്റും ബാഗുകളിൽ അധികം പരതേണ്ടി വരാറില്ലായിരുന്നു...ഒപ്പം പെട്ടെന്ന് ഉണങ്ങുന്ന തരം വസ്ത്രങ്ങൾ ആണ് മിക്കവരും കരുതിയിട്ടുള്ളത്.രാത്രിയിൽ കിടക്കുന്നതിന് മുൻപ് ഉപയോഗിച്ചവ ചെറിയ രീതിയിൽ കഴുകി മുറിയിൽ ഉണക്കാറുണ്ടായിരുന്നു...

യാത്രാ തുടരുന്നു.... നാഗ്പൂരിൽ നിന്നും... താമസസൗകര്യം ലഭ്യമാക്കിയ ജോമോനെ ഇറങ്ങുന്നു എന്നറിയിച്ചു.....എവിടെയും ആത്മാർത്ഥതയുള്ള  പരിചയക്കാരുണ്ടെങ്കിൽ ഒരു സഹായം തന്നെ....ചിന്ത്വാര കഴിഞ്ഞശേഷം പത്ത് മണിയോടെ പ്രഭാത ഭക്ഷണത്തിനായി ഒരു ഡാബയിൽ കയറി...ഇത്തരം സ്ഥലങ്ങളിൽ കുറെ കട്ടിലുകൾ ട്രക്ക് ഡ്രൈവർമാർക്ക് വിശ്രമത്തിനായി ഇട്ടിരിക്കുന്നത് കാണാം...ഞങ്ങൾ   റൊട്ടി ഓർഡർ ചെയ്ത ശേഷമാണ് അവർ അത് തയ്യാറാക്കാൻ തുടങ്ങിയത്..ചായക്ക് മധുരം കുറച്ച് മതിയെന്ന് കൂടി ആവശ്യപ്പെട്ട്...ഒരു മണിക്കൂറോളം ഭക്ഷണത്തിനായി അവിടെ ചിലവഴിക്കേണ്ടി വന്നു... അവിടെ ചുറ്റുപാടും ധാരാളം കൃഷി സ്ഥലങ്ങൾ കാണുന്നുണ്ട്..ചോളവും ഗോതമ്പുമൊക്കെയാണ് അധികവും കണ്ടത്... റൊട്ടിയും ഡാലുകറിയും ചായയും കഴിച്ചശേഷം പതിനൊന്ന് മണിയോടെ വീണ്ടും കാറിലേക്ക് ..... ഹൈവേയിൽ കൂടിത്തന്നെ അധികം യാത്ര ആയതിനാൽ കടകൾ ഒന്നും കാണാനില്ല...വല്ലപ്പോഴും പഴം വിൽക്കുന്ന ചിലരെ ഡാബകൾക്ക് സമീപം കാണാറുണ്ട്,തീരുന്നതനുസരിച്ച് അവരിൽ നിന്നും ഒന്നോ രണ്ടൊ കിലൊ പഴം വാങ്ങി എപ്പോഴും കരുതുന്നു..ഭക്ഷണക്രമത്തിൽ അധികം മാറ്റം വരാതിരിക്കാൻ കൂടെ കരുതിയിരിക്കുന്ന വെള്ളവും ഇത്തരം പഴവർഗ്ഗങ്ങളും സഹായകരമായിരുന്നു....അതുപോലെതന്നെ  ഹൈവേസൈഡിൽ വിരളമായിട്ടാണെങ്കിലും, കാണുന്ന പമ്പുകളിൽ നിന്നും പെട്രോൾ, ടാങ്ക് നിറച്ച് വയ്ക്കാറുമുണ്ടായിരുന്നു....ഓരോ നിമിഷവും പുതിയ പുതിയ സ്ഥലങ്ങളിൽ കടിയായതിനാൽ യാത്രയിൽ അധികം വിരസത അനുഭവപ്പെട്ടിരുന്നില്ല..ഒപ്പം ഹരിയേട്ടൻ ഒരു എൻസൈക്ലോപീഡിയ ആണ്..ചെറുപ്പം മുതലേ ധാരാളം വായിക്കുന്ന ശീലം....എപ്പോഴും എന്തെങ്കിലും വിഷയങ്ങളിൽ രസകരമായ ചെറു ചർച്ചകൾ.... യാത്ര തുടർന്ന് കൊണ്ടേയിരുന്നു...ഇടക്ക് പഴം,പേരക്ക ഇവയൊക്കെ കഴിക്കുന്നു...ഇന്ന് പാചകത്തിന് പറ്റിയ ഒരു സ്ഥലം ലഭിക്കുന്നതിന് ഏകദേശം 3.30 കഴിഞ്ഞു...പോരാത്തതിന് പല സ്ഥലങ്ങളിലും പെയ്ത മഴ വഴിയരികിൽ ഉള്ള പാചകത്തിന് തടസ്സവും ആയിരുന്നു.പൊടിയരിയും ചെറുപയറും കഴുകി പ്രഷർ കുക്കറിൽ ഇട്ട് പതിനഞ്ച് മിനിട്ട് കൊണ്ട് ആഹാരം തയ്യാർ... അച്ചാറും ചമ്മന്തിപ്പൊടിയുമായി ആഹാരം കഴിച്ച് പാത്രം കഴുകി യാത്ര തുടങ്ങിയപ്പോഴേക്കും നാല് മണി കഴിഞ്ഞിരിക്കുന്നു...ഒത്തു പിടിച്ചാൽ മലയും പോരും..നാല് പേരും ഒരേ മനസ്സായി പോകുന്നതിനാൽ സമയം എവിടെയും അധികം എടുക്കാറില്ല..... ആഹാരത്തിനിടക്കും മഴ ചെറുതായി തടസ്സം സൃഷ്ടിച്ചു...പക്ഷേ പാത്രങ്ങളും മറ്റും കഴുകുന്നതിന് മഴവെള്ളം വലിയൊരനുഗ്രഹമായി....

അഞ്ച് മണിയോടെ 
ഝാൻസി കഴിഞ്ഞു.. ഏകദേശം രാത്രി 9.30 വരെ യാത്ര തുടർന്നു.. ഗ്വാളിയോറിന് സമീപം മുറിയെടുത്തു.... പതിവ് പോലെ അന്നത്തെ വസ്ത്രങ്ങൾ കഴുകി മുറിയിൽ ഉണക്കാനിട്ട് ആഹാരം റൂമിലേക്ക് ലഭ്യമാക്കിയത് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു...പുലർച്ചെ യാത്ര തുടരണം......അങ്ങനെ യാത്രയുടെ മൂന്നാം ദിവസം കഴിഞ്ഞിരിക്കുന്നു....

20/09/19....

അഞ്ചരയ്ക്ക് യാത്രതുടങ്ങേണ്ടുന്നതിനാൽ എല്ലാവരും അഞ്ച് മണിയോടെ തന്നെ തയ്യാറായിരുന്നു.ബാഗുകളും മറ്റ് സാധനങ്ങളും മുറിയിൽ നിന്നും കാറിലേക്ക് കയറ്റുകയും മുറിയൊഴിഞ്ഞ് കൊടുക്കുകയും ചെയ്തശേഷം അഞ്ചരയോടെ തന്നെ ഹരിദ്വാർ ലക്ഷ്യമാക്കി തീർത്ഥാടനം തുടങ്ങി.മാപ്പ് അല്പം ആശയക്കുഴപ്പം സൃഷ്ടിച്ചതിനാൽ ആഗ്ര ടൗണിൽ കയറാതെ പോകാൻ കഴിഞ്ഞില്ല, അതിന് ശേഷം പലപ്പോഴും മാപ്പ് ഉപയോഗിക്കുന്നതോടൊപ്പം തദ്ദേശവാസികളായവരോട് വഴിയെപ്പറ്റി അന്വേഷിക്കയും ചെയ്തിരുന്നു.അന്ന് വെള്ളിയാഴ്ചയായതിനാൽ താജ്മഹലിൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതിയില്ലായിരുന്നു, അതിനാൽ താജ്മഹൽ സന്ദർശനം മടക്കയാത്രയിൽ ഉൾപ്പെടുത്താം എന്ന് തീർച്ചപ്പെടുത്തി..ഏകദേശം ഏഴരയോടെ ആഗ്രയിൽ നിന്നും പുറത്ത് കടന്ന് 165 Km ദൈർഘ്യം വരുന്ന യമുന എക്സ്പ്രസ് ഹൈവേ വഴി ഗ്രേറ്റർ നോയിഡയിൽ എത്തി.യമുന എക്സ്പ്രസ് ഹൈവേയിലൂടെയുള്ള യാത്ര റോഡിന്റെ മനോഹാരിതയാൽ അവിസ്മരണീയമാണ്. യാത്രക്ക് ഇടക്ക് ഹൈവേക്ക് സമീപം ഉള്ള ഭക്ഷണശാലയിൽ നിന്നും 9.30യോടെ ഭക്ഷണം കഴിച്ചിരുന്നു.തുടർന്ന് ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേ വഴി യാത്ര തുടർന്നു.ഏകദേശം ഉച്ചക്ക് 12 മണിയോടെ അപ്പർ ഗംഗാകനാൽ റോഡ് വഴി റൂർക്കിയിൽ കൂടി , യാത്ര മൂന്ന് മണിയോടെ ഹരിദ്വാർ വരെ നീണ്ടു.ഹരിദ്വാർ എത്തി വൈകാതെ തന്നെ ഗംഗാ ആരതി നടക്കുന്ന  ഹർ കി പൗരിയിൽ നിന്നും അധികം അകലെയല്ലാതെ മുറിയെടുത്തു.
വൈകിയാൽ ഗംഗാആരതിക്ക് ജനത്തിരക്കിനിടയിലാകുമെന്ന ഹരിയേട്ടൻ്റെ ഉപദേശത്താൽ ഗംഗയിൽ കുളിച്ച് ഹരിദ്വാർ കണ്ടുകൊണ്ട് ഗംഗാതീരത്ത്കൂടി ഹർ കി പൗരി ലക്ഷ്യമാക്കി നടന്നു.ഒരു പൗരാണിക നഗരം, ഗംഗാതീരവും ചുറ്റുപാടുമുള്ള ക്ഷേത്രങ്ങളും മറ്റു കാഴ്ച്ചകളും നമ്മെ പഴയ ഏതോ കാലഘട്ടത്തിലേക്ക് വലിച്ച് കൊണ്ട് പോകും.... ധാരാളം തീർത്ഥാടകർ ഗംഗാ തീരത്ത് വിശ്രമിക്കുന്നു...നടക്കുമ്പോൾ ഗംഗയിൽ ഒഴുക്കാനുള്ള പൂക്കളും ദീപവും വിൽക്കുന്നവരുൾപ്പടെ പലതരം കച്ചവടക്കാരും നമ്മെ സമീപിക്കുന്നു... ഹരിദ്വാർ പരിസരം, ഗംഗാ തീരം ഉൾപ്പടെ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.അഞ്ചരയോടെ ഹർ കി പൗരിയിൽ,ഗംഗാ തീരത്തുള്ള പടിക്കെട്ടിന് മുകളിലായി ഗംഗാആരതി ദർശനത്തിനായി ഇരുന്നു....ശാന്തമായൊഴുകുന്ന ഗംഗ....സ്വർല്ലോകഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥൻ്റെ കഥയും....ഗംഗയെ പ്രണയിച്ച ശന്തനുമഹാരാജാവിൻ്റെ കഥയും ഭീക്ഷ്മരുമെല്ലാം മനസ്സിലേക്കോടിയെത്തി.......

ആറ് മണിയോടെ ആരതി നടത്തുന്നതിന് വേണ്ടുന്ന തയ്യാറുടുപ്പുകൾ അവിടെ കാണാൻ സാധിച്ചു...ആറരയോടെ ഗംഗാആരതി ഭക്തിഗാനങ്ങളുടെ അകമ്പടിയോടെ തുടങ്ങി..ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ഇത്തരം അനുഷ്ഠാനങ്ങൾ ആത്മനിർവൃതിയിലേക്കെത്തിക്കും...അല്പസമയം, സമയത്തിന് പ്രാധാന്യം കുറഞ്ഞതുപോലെ ഒരനുഭവം, ഏകദേശം ഒരു മണിക്കൂറിലധികം കഴിഞ്ഞുപോയി എന്നത് ഗംഗാ ആരതി സമാപിച്ചശേഷമാണറിഞ്ഞത്...M.K.രാമചന്ദ്രൻ സാറിന്റെ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ പലതിലും അവിശ്വസനീയത തോന്നിയിരുന്നെങ്കിലും മനുഷ്യമനസ്സിന് മനസ്സിലാക്കാൻ കഴിയുന്നതിന് അപ്പുറം എന്തൊക്കെയൊ ഉണ്ടാവാം....

ആരതി കഴിഞ്ഞ്  ഇരുവശവും ധാരാളം, വ്യത്യസ്തങ്ങളായ  കച്ചവടക്കാരാൽ തിങ്ങിനിറഞ്ഞ ഹരിദ്വാറിലെ തെരുവിൽ കൂടി, യാത്രക്ക് അധികം ഭാരമാകാത്ത, യാത്രയുടെ ഓർമ്മ തങ്ങിനിൽക്കുന്ന, ചെറിയ ചെറിയ ചില സാധനങ്ങളും ബദരിനാഥ് യാത്രയിലേക്ക്, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും കയ്യുറകളും വാങ്ങി, ശേഷം ഒൻപത് മണിയോടെ മുറിയിലെത്തി... ആഹാരം കഴിച്ച് അന്ന് വരെയുള്ള യാത്രാനുഭവങ്ങൾ അയവിറക്കി ഉറക്കത്തിലേക്ക്....

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"