ഒന്നായാൽ നന്നായി

മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം.
(ജ്ഞാനപ്പാന)
മനുഷ്യൻ അവൻ്റെ തന്നെ മനസ്സിലേക്ക് നോക്കുമ്പോൾ,ഏതെങ്കിലും ഒരു വിഷയത്തിൽ തന്നെ അവൻ്റെ ഉള്ളിൽ തന്നെ വിരുദ്ധമായ അഭിപ്രായങ്ങളും ആശയങ്ങളും ഉരുത്തിരിഞ്ഞ് വരുന്നതായും ഒരു തീരുമാനമെടുക്കുന്നതിന് പലപ്പോഴും അവൻ്റെ ഉള്ളിലെ അഭിപ്രായ ഐക്യമില്ലായ്മ അവനെ കഷ്ടപ്പെടുത്തുന്നതായും,പലപ്പോഴും മാനസിക സംഘർഷത്തിന് ഹേതുവാകുന്നതും ശരിയായതും,തെറ്റായതുമായ തീരുമാനങ്ങൾ അവനിൽ നിന്നും വരുന്നതായും കാണാം.ഇതിന് വിഷയത്തിലുള്ള അജ്ഞത ഒരു പ്രധാന ഘടകമാണ്.അജ്ഞത എന്നത് ഇവിടെ അറിവില്ലായ്മയെക്കാൾ തെറ്റായ അറിവാകും കൂടുതൽ അപകടകാരി.
ഒരുവനിൽ നിന്നും ഇത് രണ്ടു വ്യക്തികളിലേക്ക് കടക്കുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ട അവസരങ്ങളിൽ ഏകദേശം ഒരേ മാനസികാവസ്ഥയുള്ളവരല്ല എങ്കിൽ പ്രശ്നം ഇവിടെയും കൂടുതൽ സങ്കീർണ്ണമാകുന്നു.ഇവിടെ അജ്ഞതയും (തെറ്റായ അറിവും,അറിവില്ലായ്മയും) "ego" യും അഭിപ്രായ ഐക്യത്തിലെത്തുന്നതിൽ നിന്നും രണ്ടു പേരേയും അകറ്റുന്നു.ശരിയാണെങ്കിലും തെറ്റാണെങ്കിലും "എൻ്റെ" അഭിപ്രായങ്ങൾ ആവണം തീരുമാനമാകേണ്ടത്.ഇത് ദാമ്പത്യബന്ധത്തിലും കാണാവുന്നതാണ്.മിക്കവാറുമുള്ള സമാധാനം തകർക്കുന്ന അവസരങ്ങളും ഇങ്ങനെ സംഭവിക്കുന്നു.ഭാര്യയും ഭർത്താവും തമ്മിൽ തീരുമാനമെടുക്കുന്നതിൽ ഐക്യം വരാതിരിക്കുന്ന അവസരങ്ങൾ ക്രമേണ കൂടുകയും ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടാകുന്നതിനും പിന്നീടുള്ള യാത്ര രണ്ട് വഴിയിലൂടെ ആകാനും ഇവിടെ സാധ്യതയുണ്ട്.ഇവിടെയും ശരിയായാലും/അല്ലെങ്കിലും എൻ്റെ തീരുമാനം നടപ്പിൽ വരണമെന്ന പിടിവാശി വില്ലനാകുന്നു.
കുടുംബങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ഭാര്യ ഭർത്താക്കന്മാരുടെ അഭിപ്രായങ്ങൾ(അവർ അഭിപ്രായൈക്യത്തിലെടുത്തതോ അല്ലാത്തതോ ആകട്ടെ !)കുടുംബത്തിൽ ചർച്ച ചെയ്യേണ്ടി വരുമ്പോൾ അച്ഛൻ്റെയും അമ്മയുടെയും/അമ്മായിഅച്ഛൻ്റെയും അമ്മായിഅമ്മയുടേയും/മക്കളുടേയും/സഹോദരങ്ങളുടേയും മനസ്സിൻ്റെ വിശേഷം കൊണ്ട് അഭിപ്രായൈക്യത്തിലെത്തുന്നതിൽ നിന്നും പലപ്പോഴും അകലുന്നു,ക്രമേണ ബന്ധങ്ങൾ വഷളാവുന്നു.കുടുബത്തിൽ സമാധാനം തകരുന്നു. ഇവിടെയും ശരിയായാലും,അല്ലെങ്കിലും എൻ്റെ (അല്ലെങ്കിൽ കുടുംബത്തിനുള്ളിലുള്ള ചിലരുടെ കൂട്ടായ്മകളുടെ)തീരുമാനം നടപ്പിൽ വരണമെന്ന പിടിവാശി വില്ലനാകുന്നു.
ഇതുപോലെയുള്ള മനസ്സിൻ്റെ വിശേഷങ്ങൾ ജാതി,മതം,രാഷ്ട്രീയം,സമ്പന്നൻ/ദരിദ്രൻ എതുരീതിയിലുള്ള കൂട്ടായ്മയിലേക്ക് നോക്കിയാലും കാണാൻ സാധിക്കും ,കാരണം വ്യക്തികൾക്ക് വ്യക്തിപരമായ അഭിപ്രായങ്ങളും, വ്യക്തികൾ കൂട്ടായ്മകളാകുമ്പോൾ അതിൻ്റെ കൂട്ടായ്മയുടെ ചട്ടക്കൂടിൽ നിന്നും തീരുമാനങ്ങളെടുക്കുമ്പോഴും അവിടെ ഒരു "കൂട്ടായ്മയുടെ മനസ്സ് " മറ്റ് "കൂട്ടായ്മകളുടെ മനസ്സിൽ" നിന്നും വ്യത്യസ്തമാകുമ്പോഴും ഇതിൻ്റെ പ്രതിഫലനം കാണാം.ഇതും സമൂഹമനസ്സിൽ പ്രതിഫലിക്കുന്നത് കാണാൻ സാധിക്കും.ഇത് പലപ്പോഴും സമൂഹത്തിലെ ഐക്യം തകരുന്നതിനും ഇത് വ്യക്തിപരമായി തന്നെയുള്ള മാനസിക സങ്കർഷത്തിനും സമാധാനം തകരുന്നതിനും ഹേതുവാകുന്നു.എല്ലാത്തിനും ഒരു പോംവഴി കുഞ്ഞുണ്ണി മാഷ് പറയുമ്പോലെ വലിയൊരു ലോകം നന്നാവാൻ ചെറിയൊരു മന്ത്രം കാതിലോതാം "സ്വയം നന്നാവുക" മാത്രമാണെന്ന് തോന്നുന്നു.അതായത് എല്ലാ വിഷയങ്ങളേയും മുൻവിധിയില്ലാതെയും വിഷയത്തിലുള്ള അറിവോടെയും സമീപിക്കുകയാണെങ്കിൽ നന്മനിറഞ്ഞതും സ്വതന്ത്രമായതുമായ ഒരു തീരുമാനം ലഭിക്കും. അതും തിന്മയിൽ കലാശിക്കുന്നുവെങ്കിൽ ഉറപ്പായും പറയാം കർമ്മം ചെയ്യാൻ മാത്രം നിനക്കധികാരം ഫലം ഈശ്വരേച്ഛയാണെന്ന്.പക്ഷേ ഇവിടെ നന്മയുടേതായ സാധ്യതയാഘണ് കൂടുതൽ.....
ഏതെങ്കിലും തരത്തിലുള്ള വേർതിരിവുകൾ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരിക്കും....
ജാതി..മതം... രാഷ്ട്രീയം...സമ്പന്നൻ....ഉയർന്നജോലി....പേരുംപ്രശസ്തിയും.... വിദ്യാഭ്യാസമുള്ളവൻ...വികലാംഗൻ.... സമത്വം എന്നത് വ്യാവഹാരികതലത്തിൽ സാധ്യമേയല്ല... ആണ് എന്ന് തോന്നുന്നു എങ്കിൽ ഓരോ അനുഭവങ്ങൾ വരുമ്പോഴും പുറമേക്ക് പറയാതെ ഉള്ളിലേക്ക് നോക്കുക...അവിടെ അനുകൂല/പ്രതികൂലമാണോയെന്ന് യാതൊരു ചലനവും ഒരു സാഹചര്യത്തിലും ഇല്ലെങ്കിൽ ജീവന്മുക്തൻ ആയി....

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"