"നാമവും രൂപവും"

നാമവും രൂപവും നമുക്ക് പരിചിതമായ രണ്ട് വാക്കുകളാണ്.'നാമ'മെന്നാൽ വസ്തുവിനേയൊ,വ്യക്തിയേയോ സൂചിപ്പിക്കുന്ന; നാം വിളിക്കുന്ന ശബ്ദം, സംജ്ഞ, നാമധേയം എന്നൊക്കെയാണർത്ഥമാക്കുന്നത്.ഏതൊരു വസ്തുവിനും നാം ഒരു പേര് നൽകിയിരിക്കുന്നു.യഥാർത്ഥത്തിൽ ഇല്ലാത്തവയ്ക്കും കാണും ഒരു നാമം,ഉദാഹരണമായി മുയൽക്കൊമ്പ് എന്ന് ചില അവസരങ്ങളിൽ പറയാറുണ്ട്.'രൂപം' എന്നത് ഒന്നിന്റെ മൂർത്തഭാവം,അതായത് ഇന്ദ്രിയങ്ങളാൽ നമുക്ക് അറിയാവുന്നത് പ്രസ്തുത വസ്തുവിന്റെ ആകൃതി.നാമവും രൂപവും തമ്മിൽ അഭേദ്യമായ ഒരു ബന്ധം കാണാം.ഒരു നാമം കേൾക്കുമ്പോൾ അതിന് അനുസൃതമായ ഒരു രൂപം നമ്മുടെ ഉളളിൽ തെളിയുന്നത് നമുക്ക് അനുഭവമുള്ളതാണ്. അറിവില്ലാത്ത ഒന്നിനെയാണ് നാമം സൂചിപ്പിക്കുന്നതെങ്കിൽ നമ്മുടെ ഉള്ളിൽ ഒരവ്യക്തത അവശേഷിക്കുന്നു.അതുപോലെ ഒരു വസ്തുവിനെ കാണുമ്പോൾ അതിന് നാം നൽകിയ പേര് നമ്മുടെ സ്മൃതിയിൽ വരുന്നു.അവ്യക്തമായ ദൃശ്യം ആയിരുന്നുവെങ്കിൽ കണ്ടതിനെ മറ്റൊരു വസ്തു/വ്യക്തിയായി തെറ്റിദ്ധരിക്കയോ,അവ്യക്തത നിലനിൽക്കുകയോ ചെയ്യാം...കണ്ടിട്ടേയില്ലാത്ത രൂപത്തിനെ കണ്ടിട്ടുള്ള ഒരാൾ വിശദീകരിക്കുമ്പോൾ നമ്മുടെയുള്ളിൽ വിശദീകരണത്തെ അടിസ്ഥാനമാക്കി ഒരാകൃതി രൂപം കൊണ്ട് വരുന്നത് അനുഭവമുള്ളതാണ്.ഉദാഹരണമായി തെങ്ങിനെ കണ്ടിട്ടില്ലാത്ത ഒരാൾക്ക് അനുഭവസ്ഥർ വിശദീകരിക്കുമ്പോൾ ഒറ്റത്തടിവൃക്ഷം,മുകളിൽ ശാഖകൾ അല്ലെങ്കിലും അതുപോലെ തോന്നുന്ന ഓലമടലുകൾ,അവയ്ക്കിടയിൽ കുലകുലയായി കാണപ്പെടുന്ന നാളീകേരങ്ങൾ ഇങ്ങനൊയൊക്കെ...കേട്ടയാൾ അത് വ്യക്തമായല്ല മനസ്സിലാക്കിയതെങ്കിൽ/വിശദീകരണത്തിൽ അവ്യക്തത ഉണ്ടെങ്കിൽ; കവുങ്ങിനെ തെങ്ങായി തെറ്റിദ്ധരിക്കാം.
പുളി കഴിക്കുമ്പോൾ മാത്രമല്ല,കാണുമ്പോഴും ,പുളി നന്നായി സ്വാധീനിച്ചിട്ടുള്ളൊരാൾക്ക് പുളിയെന്ന വാക്ക് കേട്ടാൽ തന്നെ നാവിൽ വെള്ളമൂറും...ഇത് നമുക്ക് അനുഭവമുള്ളതാണല്ലൊ ! നല്ല കോഴിക്കോടൻ ഹൽവ... ജിലേബി...ലഡു... കണ്ടില്ലേ ! വായിൽ കപ്പലോടിക്കാവുന്ന അവസ്ഥ...
നാമരൂപങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കാനായാണ് ഇത്രയും പറഞ്ഞത്.
നാമവും രൂപവും നമ്മെയെങ്ങനെയൊക്കെ സ്വാധീനിക്കുന്നു.....
ഓരോ രൂപങ്ങളും നമുക്ക് സുഖമൊ,ദുഃഖമൊ നൽകുന്നു.ചിലപ്പോൾ അവ നമ്മെ സ്വാധീനിക്കാതെയും കടന്നുപോകുന്നു.സുഖം പകരുന്നവയെ നമുക്ക് ഇഷ്ടമാണ്.ഓരോരുത്തർക്കും സുഖപകരുന്നവ വ്യത്യസ്തങ്ങളായിരിക്കും.അവരവരുടെ ഇഷ്ടാനിഷ്ടങ്ങളെ മുൻനിർത്തി ചിന്തിച്ചാൽ സുഖം പകരുന്നവയുടെ സാമീപ്യം മാത്രമല്ല അവയെ കാണുന്നതും; രൂപവും നാമവും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതിനാൽ പേര് കേൾക്കുന്നത് പോലും നമുക്ക് സുഖം പകരും..അല്ലാത്തവയുടെ/അല്ലാത്തവരുടെ പേര് കേൾക്കുന്നത് നമ്മിൽ പ്രതികൂലമായ ചലനമുണ്ടാക്കുന്നതും അനുഭവിച്ചറിയാവുന്നതാണ്.ഒരേ വാക്കുകൾ തന്നെ വ്യക്തികൾക്കനുസരിച്ച് സുഖം നൽകുകയോ അത് ദുഃഖത്തിന് ഹേതുവാകുകയോ ചെയ്യാം. ഓരോ വാക്കിനും പിറകിൽ അതാത് വാക്കുകളോട് ചേർത്തുവച്ചിരിക്കുന്ന ധാരാളം സങ്കല്പങ്ങൾ നമ്മുടെ മനസ്സിലുണ്ടാകും...ഇവ മാറുന്നതിനനുസരിച്ച് സുഖവും,ദുഃഖവും മാറിമറിയുന്നു.വർഷങ്ങളോളം പ്രണയിച്ച് വിവാഹിതരാവുകയും അധികം വൈകാതെ വിവാഹ മോചിതരാവുകയും ചെയ്യുന്നവരെ സിനിമകളിൽ മാത്രമല്ല നിത്യജീവിതത്തിലും നാം കണ്ടിട്ടുണ്ടാവും. 'പ്രതീക്ഷയ്ക്കൊത്ത്' പങ്കാളിയെത്തിയില്ലെന്നതൊരു കാരണമാണ്.പ്രണയിച്ച് നടക്കുമ്പോൾ സങ്കല്പങ്ങൾ കൊണ്ടൊരു കൊട്ടാരം തന്നെയിവർ പണിതിട്ടുണ്ടാകണം."നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല" ഇത് മിക്ക സുഹൃത്ത്/ദാമ്പത്യ ബന്ധങ്ങളിലുൾപ്പെടെ നാം കേൾക്കുന്നതാണ്.നാം എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു.രക്തബന്ധമുള്ളവരുടേതുൾപ്പടെ ആരുടേതാണെങ്കിലും ചിലപ്പോളവരുടെ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ വിപരീതമായൊരു ഊർജ്ജം രൂപം കൊള്ളുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും.അത് നമ്മിൽ ക്രോധത്തെ ജനിപ്പിക്കുകയും മറ്റുള്ളവരുടേയും അവരവരുടെ തന്നെ അധഃപതനത്തിന് വരെ കാരണമാകുന്നതും ദിവസവും മാധ്യമങ്ങളിൽക്കൂടി കാണുന്നതാണ്.
ഓരോ ദിവസവും ഉണർന്നെണീറ്റ് തിരികെ ഉറക്കത്തിലേക്ക് പോകുന്നതിനിടക്ക് നമുക്ക് മുൻപിൽക്കൂടി കടന്ന് പോകുന്ന/നാം കടന്നുപോകുന്ന,മാധ്യമങ്ങൾ വഴി കാണുന്ന ഓരോ രൂപങ്ങളും കേൾക്കുന്ന നാമങ്ങളും/ശബ്ദങ്ങളും നമുക്കാവശ്യമുള്ളതാണൊ അല്ലയൊ എന്ന് പോലും വിവേകബുദ്ധിയോടെ അറിയാതെ അവയെ ചുറ്റിപ്പറ്റി വൈകാരികമായി നമ്മുടെ ഉള്ളിലുണ്ടാകുന്ന സങ്കല്പങ്ങളും അവയിൽ ജനിക്കുന്ന ആഗ്രഹങ്ങളും എത്രയെത്രയാണ്...ഒരുവന്റെ പ്രാഥമികമായ ആവശ്യങ്ങളേക്കാളുപരി നമുക്കിടയിലേക്ക് അവതരിപ്പിക്കപ്പെടുന്ന ആധുനികസാങ്കേതികവിദ്യകളെ സ്വന്തമാക്കാൻ വെമ്പുന്ന മനസ്സ് അവനവന്റെ സാഹചര്യങ്ങളെ തിരിച്ചറിയാതെ എവിടെയൊക്കെയാണ് പറ്റിപ്പിടിച്ചിരിക്കുന്നതിന് പ്രേരിപ്പിക്കുക...പ്രായത്തിനനുസരിച്ച് നമ്മെ വ്യാമോഹിപ്പിക്കുന്ന കാഴ്ച്ചകൾ എന്തൊക്കെയാണ് ! നാം എന്തിനേയൊക്കെയോ സ്വന്തമാക്കാനാശിക്കുന്നില്ലേ ? കിട്ടില്ലെന്നറിഞ്ഞാൽ അപഹരിക്കാൻ തോന്നുന്നുണ്ടാവില്ലേ.അവയിൽ നന്മയെത്ര ? തിന്മയെത്ര ? മരക്കൊമ്പുകളിൽ നിന്നും മരക്കൊമ്പുകളിലേക്ക് ചാടിനടക്കുന്ന ഒരു കുരങ്ങിനെപ്പോലെ നമ്മുടെ മനസ്സും ഓരോ അത്യാഗ്രഹങ്ങളിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.ഇനി ഇതൊന്നുമല്ലാതെ ഒരു സാക്ഷിമാത്രമായിരിക്കാൻ എത്രപേർക്ക് സാധിക്കും....
നമ്മിലുള്ള മനസ്സിന്റെ ചാഞ്ചാട്ടവും പരിമിതികളും തിരിച്ചറിഞ്ഞ്...മനസ്സിനെ അല്പനേരം പോലും ദൗർബ്ബല്യങ്ങളിലേക്ക് കെട്ടഴിച്ചുവിടാതെ നമ്മിലുള്ള ദുരാഗ്രഹങ്ങളെ ഒഴിവാക്കി മറ്റുള്ളവരിലുള്ള നൈർമ്മല്യത്തെ തിരിച്ചറിഞ്ഞ് അവരിൽ നിന്നും അവയുൾക്കൊണ്ട് മറ്റുള്ളവർക്കും മാതൃകയാകയാകുമ്പോഴാണ് ശാന്തിയും സമാധാനവും ലഭിക്കുന്നത്.
#മാനസസരസ്സിലൂടെ 2
വിപിൻ വിളക്കുടി.

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 2

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

::::എന്റെ ഗീതാദ്ധ്യയനം ::::1::::1.അർജ്ജുനവിഷാദയോഗം