"മത്സരിക്കുന്നതെന്തിനു നാം വൃഥാ"

വൈവിധ്യം എന്നത് ഏത് സമൂഹത്തിലും കാണുവാൻ സാധിക്കും.വിവിധ മതവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവർ... വിവിധ രാഷ്ട്രീയപാതകൾ പിൻതുടരുന്നവർ..ഒരു പ്രത്യേക സ്ഥലത്ത് വസിക്കുന്നവർ ഇവയിൽ നിന്നെല്ലാം അവരവരുടെ താല്പര്യങ്ങൾക്ക് പൊരുത്തപ്പെടുന്നവരുടെ മറ്റൊരു സമൂഹം...
എവിടെയും സമ്പന്നന്മാരുണ്ടാകും... വിദ്യാഭ്യാസത്താൽ,വസ്തുവകകളാൽ,ധനത്താൽ,പ്രശസ്തിയാൽ,സുഖസൗകര്യങ്ങളാൽ.....അങ്ങനെയെല്ലാം.അതായത് ഭൗതിക സാഹചര്യങ്ങളിൽ വൈവിധ്യമാർന്ന ഒരു വലിയ സമൂഹം....ഇവരിൽ ഭൂരിപക്ഷവും വിദ്യാഭ്യാസം,ധനം മറ്റ് നേട്ടങ്ങളൊക്കെയും ഇവരൊ,പൂർവ്വീകരൊ കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുത്തവയുമാവും.സമ്പന്നനാണെങ്കിലും ദരിദ്രനാണെങ്കിലും അവരിൽത്തന്നെ നന്മയുടെ കണികകൾ ഉള്ളവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ മാതൃകയാവുന്നതും കാണാം.
മിക്കവാറും എല്ലാവരും; പലരേയും തമ്മിലും തന്നോടും താരതമ്യം ചെയ്യുകയെന്നത് സ്വാഭാവികമാണ്.ഇവരെക്കൂടാതെ: എനിക്കെന്തൊക്കെയൊ ഇല്ലായെന്ന തോന്നലുള്ളവരും ഉണ്ടെങ്കില്‍ത്തന്നെയും ഇതൊന്നും പോരായെന്ന തോന്നലുള്ളവരും സമൂഹത്തിൽ കാണും.എന്തും തനിക്കുളളതില്‍ കൂടുതലായി മറ്റൊരാളുടെ കയ്യില്‍ കാണുമ്പോഴും അസ്വസ്ഥനാകുന്നു... അസഹിഷ്ണുത ഉണ്ടാകുന്നു.ഒറ്റവാക്കിലിതിനെ 'അസൂയ', 'കുശുമ്പ്' എന്നൊക്കെ പറയും.മറ്റൊരാളിൻ്റെ സമ്പത്ത്‌, അഭിവൃദ്ധി,നേട്ടങ്ങൾ എന്നിവയിൽ അയാളോടു തോന്നുന്ന നീരസം.
കുട്ടികളിലും കാണാം ഇത്തരക്കാരെ.ക്ലാസിൽ എല്ലാവരും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ്.പഠനത്തിൽ കേമന്മാരായവരോട്,കലകളിൽ, കായിക പ്രതിഭകളായവരോട്, അവരുടെ വസ്തുക്കളോട് അങ്ങനെ പോകുന്നു... അസൂയയോടൊപ്പം മാത്സര്യം കൂട്ടുകൂടിയായാൽ പിന്നീട് ഏത് മാർഗ്ഗവും സ്വീകരിച്ച് അപരനേക്കാൾ ഉയർന്നനിലയിലെത്താൻ പരിശ്രമമായി.മത്സരമെന്നതിന് ശബ്ദതാരാവലി: അസൂയ, ദ്രോഹം, അത്യാഗ്രഹം, സ്വാർത്ഥത ഇങ്ങനെയൊക്കെയർത്ഥം പറയുന്നു.സൂക്ഷ്മമായി ചിന്തിച്ചാൽ അസൂയയോടെ ചേരാതെ മാത്സര്യത്തിന് നിലനിൽക്കാൻ കഴിയുകയില്ല.ദിനവും ഏത് മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന അശുഭകരമായ വാർത്തകൾ എടുത്ത് നോക്കൂ;അസൂയയും മാത്സര്യവും ചേർന്ന് ലോകത്ത് സമാധാനത്തിന്റെ മാർഗ്ഗത്തിന് തടസ്സം സൃഷ്ടിക്കുന്നത് കാണുവാൻ സാധിക്കും.ദമ്പതികൾ,സഹോദരങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ,ഒരേ മേഖലയിൽ ജോലിചെയ്യുന്നവർ....തുടങ്ങി എവിടെയും മത്സരം..... ലോകരാജ്യങ്ങൾ തമ്മിൽ മത്സരമില്ലേ...മതങ്ങൾ തമ്മിൽ....എവിടേയും മാത്സര്യം.ക്രമേണ ഏത് ബന്ധങ്ങളിലും വിള്ളൽ വീഴുന്നതിന് ഒരു പ്രധാന കാരണമായിത് പരിണമിക്കുന്നു.പക്ഷേ ലോകത്തുള്ളവരെല്ലാം തമ്മിൽ മാത്സര്യമുണ്ടെന്നല്ല.മത്സരബുദ്ധിയില്ലാത്ത വലിയൊരു വിഭാഗം എല്ലായിടത്തും കാണാം എന്നത് ആശ്വാസകരം തന്നെ.
നമ്മുടെ ഉള്ളിൽ അസൂയയുള്ളിടത്തോളം മനഃശ്ശാന്തി ലഭിക്കുകയെന്നത് അസാധ്യം.അസൂയ ഉള്ളിലധികരിച്ച പലരും അന്യനെപ്പറ്റി അപവാദങ്ങൾ പറഞ്ഞ് പ്രചരിപ്പിച്ചേക്കാം,അന്യന്റെ തനിക്കർഹതയില്ലാത്ത പലതിനേയും അപഹരിക്കുകയൊ,ഒരാളിനെ ഇല്ലാതെയാക്കുന്നതിനൊ തക്കവണ്ണം അപകടകാരി കൂടിയാണ് അസൂയ.ലോകത്ത് സമാധാനപൂർണ്ണമായ ജീവിതത്തിന് എവിടേയും അസൂയ വിഘാതം സൃഷ്ടിക്കുന്നു.തന്നെ അസൂയ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന് അസൂയയുള്ളവർ തിരിച്ചറിയുന്നില്ല.ഇക്കൂട്ടരോട് അസൂയയുള്ളവനാണ് നിങ്ങളെന്ന് പറഞ്ഞാലും അവരതങ്ങീകരിക്കില്ലെന്ന് മാത്രമല്ല നിങ്ങളോട് ശത്രുതയാവും ഫലം.
ജീവിതത്തിൽ ഉയരുന്നതിന് മത്സരത്തിന്റേയൊ അസൂയയുടേയൊ ആവശ്യമുണ്ടൊ ?
ഒരു വിദ്യാർത്ഥിക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നതിന് മറ്റ് വിദ്യാർത്ഥികളുമായി മത്സരിക്കുന്നതെന്തിന് ! തൻ്റെ പഠനത്തോട് നീതിപുലർത്തി;എത്രത്തോളം പ്രസ്തുത വിഷയത്തിൽ അറിവ് സമ്പാദിക്കാൻ കഴിയുമൊ;അത് ആർജ്ജിക്കുകയല്ലേ വേണ്ടത് ! അറിവുള്ളവർ അഗ്രഗണ്യരാകുന്നത് മത്സരിച്ചിട്ടല്ല;അറിവാലാണ്: അല്ലാതെ മത്സരബുദ്ധി വന്നാൽ മറ്റൊരുവനേക്കാൾ മുകളിലെത്താൻ കുറുക്കുവഴി വരെ സ്വീകരിച്ചേക്കും.തുടർന്ന് ഇതേ പാതയിൽ വരുന്നവരെല്ലാം ഇതെല്ലാം ലളിമെന്ന് കരുതി പിന്തുടരാൻ സാധ്യതയില്ലെ ?
നിത്യജീവിതത്തിൽ സമ്പത്തിന് വളരെ പ്രാധാന്യമുണ്ട്.ഒരു നൂറ് വർഷം മുൻപ് ജീവിച്ച സാഹചര്യങ്ങളേയല്ല ഇന്നുള്ളത്.എന്തെല്ലാം ആവശ്യങ്ങൾ,ആഗ്രഹങ്ങൾ.ലളിതമായി ഒരുവന് ജീവിക്കാൻ കഴിയുക അത്ര ലളിതമല്ലെന്ന് വന്നിരിക്കുന്നു.ആഗ്രഹങ്ങൾക്ക് അതിരില്ല;അവയെല്ലാം നേടിയെടുക്കുകയെന്നതിന് ധനം ധാരാളം ആവശ്യമായി വരുന്നു.നമ്മുടെ സാഹചര്യങ്ങൾ പരിഗണിക്കാതെ മാത്സര്യബുദ്ധിയോടെ ചുറ്റുപാടുകളോടെതിരിടുമ്പോൾ;പണത്തിനായി മറ്റുള്ളവരിൽ നിന്നും കടം വാങ്ങുന്നു;ബാങ്കിൽ നിന്നും ലോണെടുക്കുന്നു....കടം തന്ന പലരും;കടംവീട്ടാത്തതിനാൽ വീട്ടിൽ കയറിയിറങ്ങുന്നതൊഴിവാക്കാൻ, കിട്ടാവുന്നിടത്തുനിന്നെല്ലാം വാങ്ങി ആദ്യമാദ്യം വാങ്ങിയ കടങ്ങൾ വീട്ടുകയും ഒരു ഘട്ടത്തിൽ ഇത് നമ്മുടെ കൈവിട്ടു പോകയും ചെയ്യുന്നു.അന്യനൊപ്പം അല്ല അതിനുമപ്പുറം തനിക്കുമെത്തണം.... ധനസമ്പാദനത്തിനുള്ള നേരായ മാർഗ്ഗങ്ങൾ അന്വേഷിക്കൂ.അതിനെ സ്വീകരിക്കൂ.....കഠിനാദ്ധ്വാനം ചെയ്യൂ....വിജയിക്കും....ധനമാണ് ജീവിതവിജയത്തിന് അടിസ്ഥാനമെന്ന് കരുതുന്നതും ശരിയാണെന്ന് തോന്നുന്നില്ല...ധനം ഒരു പ്രധാന ഘടകമാണ്.പക്ഷേ സമ്പാദിക്കാൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ നന്മയുടേതല്ലെങ്കിൽ ജീവിതകാലം മുഴുവൻ അശാന്തി നമ്മെ പിന്തുടരും:കാരണം മറ്റാർക്കുമറിയില്ലെങ്കിലും അവനവന് തന്റെ പ്രവർത്തനങ്ങളെ വ്യക്തമായറിയാം..മാർഗ്ഗം തെറ്റാണെന്നുമറിയാം,തെറ്റ് ചെയ്യുന്നുവെന്നത് ഭയം ജനിപ്പിക്കുന്നു..നിയമത്തെ,സമൂഹത്തെ,പിടിക്കപ്പെട്ടാൽ അപമാനം...പലപ്പോഴും പലരും പറയാറുണ്ട് അകാരണമായി ദുഃഖം,മാനസികസമ്മർദ്ദം..ഒരു സുഖമില്ലെന്നൊക്കെ.കർമ്മശുദ്ധിയില്ലാത്തത് ഇത്തരം അകാരണമായ പ്രശ്നങ്ങളുടെ കാരണമല്ലേ.നമ്മൾ തന്നെ ചിന്തിച്ചാൽ കാരണം പിടികിട്ടും, ഉള്ളിലിരിപ്പ് അവനവനല്ലേ അറിയൂ.
സൗഹൃദങ്ങൾക്ക് ഇത്തരം അസൂയ ജനിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് നമ്മെ സഹായിക്കും.നല്ല സൗഹൃദങ്ങൾ തിരഞ്ഞെടുക്കുക,അവയെ നിലനിർത്തുക.സൗഹൃദമനോഭാവമുള്ളവരോട് അവരുടെ ജീവിതവിജയത്തെപ്പറ്റി അന്വേഷിക്കുക.അവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കുക.
എല്ലാറ്റിലുമുപരി ശുഭകരമായചിന്തകളാൽ നന്മനിറഞ്ഞ മനസ്സിനുടമയായിരിക്കുക.
#മാനസസരസ്സിലൂടെ 3
വിപിൻ വിളക്കുടി

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"