"ലോകമെന്താ ഇങ്ങനെ ? "

"ലോകമെന്താ ഇങ്ങനെ ? "
ഇതേ രീതിയിൽ ചിന്തിച്ചിട്ടുണ്ടോ ?
ദിവസവും ധാരാളം യാത്ര ചെയ്യേണ്ടി വരാറുണ്ട്‌ ,മണിക്കൂറുകളോളം ! ഇത്തരം അവസരങ്ങളിലും ഏകാന്തതകളിലും ആണ് നമ്മിൽ ചിന്തകൾ വിടരുന്നത്.
മിക്കവാറും എല്ലാവരും ഏകാന്തതകളിലും മറ്റും സ്മാർട്ഫോണുകളിൽ അഭയം തേടുന്നു,സംഗീതം ആസ്വദിക്കുന്നു.നേരം പോക്കുകൾ എന്നിതിനെ പറയും.അപ്പോൾ ചിന്തകൾ ഉണ്ടാകുന്നില്ല.ചിന്തിക്കാൻ നാം മനസിന് സമയം നൽകുന്നില്ല. എങ്കിലും പാട്ട് കേൾക്കുന്നതിനിടയിലും അതുപോലെ എവിടെ ശ്രദ്ധ കേന്ദ്രീകരിച്ചാലും നമ്മെ അസ്വസ്ഥപ്പെടുത്തുന്ന വിഷയങ്ങൾ ഉണ്ടെങ്കിൽ ആസ്വാദനത്തിനിടയിലും മനസ്സ് കാടുകയറും."ലോകമെന്താ ഇങ്ങനെ ? "എന്ന് ചിലരെങ്കിലും ചിന്തിക്കാതിരിക്കില്ല.ഇന്ന് നമുക്ക് ലോകത്തെ അറിയാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്.പത്രങ്ങൾ,ടെലിവിഷൻ,മറ്റു സോഷ്യൽ മീഡിയകൾ.ഇന്റർനെറ്റിന്റെ വരവോടെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും സംഭവവികാസങ്ങൾ നമ്മിലേക്ക്‌ എത്തുന്നു.ഒരു കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മുതൽ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വരെ.എന്തൊക്കെ പ്രശ്നങ്ങളാണല്ലേ; ചുറ്റുപാടും...എന്തുകൊണ്ടാണ് നമുക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാകുന്നത്.ആരെങ്കിലും അവനവന്റെ സമാധാനം കളയുന്ന തരത്തിൽ സ്വയമേവ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ.എന്നിട്ടും ഉണ്ടാകുന്നില്ലേ !
ശരീരഘടനയിൽ ഓരോ മനുഷ്യനും മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാകുന്നതുപോലെ മനസ്സും ഓരോരുത്തരിലും വ്യത്യസ്തമാണ്.കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ വിഷയങ്ങളും നമ്മെ പലതരത്തിലും സ്വാധീനിക്കുന്നു.നമുക്ക് താല്പര്യം ഉള്ളവയിൽ നമ്മുടെ ശ്രദ്ധ പെട്ടന്ന് പതിയുന്നു.എങ്ങനെയാവും നമുക്ക് താൽപ്പര്യങ്ങൾ ഉണ്ടാകുന്നത്.മനസ്സിന്റെ ഉള്ളറകളിൽ ഇവ മയങ്ങിക്കിടക്കുന്നു. കാണുകയും കേൾക്കുകയും മറ്റും ചെയ്യുന്ന സാഹചര്യങ്ങളിൽ അപ്പോൾ താൽക്കാലികമായി നമുക്ക് ആ വിഷയം സുഖമോ ദുഃഖമോ നൽകുകയും നാമതിനെ കടന്നുപോകയും ചെയ്യും.മനസിന്റെ ഉപരി തലങ്ങളിൽ കൂടി അവ കടന്നുപോകുന്നതായി നമുക്ക് അനുഭവപ്പെടും.ഇവിടെ നമ്മൾ പറയുന്നത് കഴിഞ്ഞത് കഴിഞ്ഞു എന്ന്.പക്ഷെ അനുകൂലമായതോ പ്രതികൂലമായതോ ആയ ഒരു ചലനം അത് നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിലും നടക്കുന്നില്ലേ !.അത് നമ്മുടെയുള്ളിൽ ഒരു പ്രവണതയായി നിലനിൽക്കുന്നില്ലേ.ഓരോ അവസരത്തിലും ഒരു കണികയായി നമ്മുടെ മനസിന്റെ ഉള്ളറകളിൽ നിക്ഷേപിക്കപ്പെടുന്ന ഇത്തരം കണികകൾ അടിഞ്ഞുകൂടി പ്രബലമാകുമ്പോൾ നമ്മുടെ സ്വഭാവരൂപീകരണത്തിൽ ഒരു പങ്കുവഹിക്കും.
നമുക്ക് ഇഷ്ടങ്ങൾ ധാരാളം ഉണ്ടാകും ...ചില വ്യക്തികളോട് വസ്തുക്കളോട് അങ്ങനെ....കാരണം വ്യക്തികൾ അല്ലെങ്കിൽ വസ്തുക്കൾ സുഖം പകരുന്നവയെങ്കിൽ ഇഷ്ടം.സുഖത്തെക്കാൾ ദുഃഖം ആണ് ഇവയിൽ നിന്നും ലഭിക്കുക എങ്കിൽ അത്തരം വ്യക്തികളുടെയും വസ്തുക്കളുടെയും സാമീപ്യം നമ്മൾ ഒഴിവാക്കും.അതുകൊണ്ടല്ലേ ചിലരുടെ പേര് കേൾക്കുമ്പോൾ തന്നെ നാം അസ്വസ്ഥരാകുന്നത്.രോഗങ്ങൾ,മരണം തുടങ്ങി കുറെ ഒഴിവാക്കാൻ കഴിയാത്ത ദുഃഖങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്.തല്ക്കാലം അവയൊക്കെ അവിടെ നിലക്കട്ടേ,പലതും ഒഴിവാക്കാൻ കഴിയുന്നതല്ല എന്നതും ഒരു കാരണം.നമ്മുടെ സങ്കല്പങ്ങൾക്കനുസരിച്ചു മറ്റൊരാൾ പെരുമാറുമ്പോൾ ആ വ്യക്തിയോടൊരിഷ്ടം.സ്വന്തം സങ്കല്പങ്ങളോടൊപ്പം തനിക്ക് ചുറ്റുപാടുമുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നമ്മൾ പരിഗണിക്കാറുണ്ടൊ ? ഇതിനെ പൊതുവെ പൊരുത്തപ്പെടലെന്ന് പറയും.
പൊരുത്തപ്പെടലിന് ശാന്തമായൊരു ചുറ്റുപാടിനെ സൃഷ്ടിക്കാൻ കഴിയും.കുടുംബജീവിതം മുതൽ എവിടേക്ക് നോക്കിയാലും ഇത്തരം പൊരുത്തപ്പെടലുകൾക്ക് വളരെയധികം പ്രാധാന്യം കാണുവാൻ സാധിക്കും.പക്ഷെ പലപ്പോഴും കയ്യൂക്കുള്ളവൻ്റെ മേൽക്കോയ്മയോടാവും നാം പൊരുത്തപ്പെടാൻ നിർബന്ധിതരാകുക.അതിനെയൊക്കെ പൊരുത്തപ്പെടലെന്നൊ, സഹവർത്തിത്വം എന്നൊ പറയുക സാധ്യമല്ല.അതിൽ പാരസ്പര്യത്തിന് പ്രാധാന്യം ലഭിക്കുന്നില്ല.ബന്ധങ്ങളുടെ തകർച്ച ഇവിടെ തുടങ്ങും.നല്ലൊരു സുഹൃത്ത് ബന്ധം തന്നെ ഏതൊക്കെയോ വിഷയങ്ങളിൽ തന്റെ സങ്കല്പങ്ങളോട്..ഇഷ്ടാനിഷ്ടങ്ങളോട് മറ്റൊരുവൻ പൊരുത്തപ്പെടുമ്പോളാണ് ഉണ്ടാകുന്നത്.അതിൽ പൊരുത്തക്കേട് വരുമ്പോൾ അതിന്റെ ഹൃദ്യത നഷ്ടപ്പെടുന്നു.
ഒരു വ്യക്തി തന്റെ മനസ്സിന്റെ ഉള്ളറകളിൽ തങ്ങിനിൽക്കുന്ന ചിന്തകളും,വാക്കുകളും, പ്രവർത്തനങ്ങളും ഇവ മൂന്നിനേയും പൊരുത്തപ്പെടുത്തികൊണ്ട് മുന്നോട്ട് പോയില്ലെങ്കിൽ (മനസാവാചാകർമ്മണാ
...)പിന്നീട് താൻ ചിന്തിക്കുന്ന തലത്തിൽ പറയുന്നതിനും പ്രവർത്തിക്കുന്നതിനും കഴിയുന്നില്ലെന്നത് മാനസികസമ്മർദ്ദത്തിന് ഹേതുവായി ഭവിക്കും.തനിക്കുള്ളിൽ തന്നെ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ സമ്മർദ്ദം സൃഷ്ടിക്കുന്നതുപോലെയാണ് എവിടെയും സങ്കർഷകലുഷിതമാകുന്നത്ത്... അവിടെ രണ്ട് സമൂഹമനസ്സുകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ കാരണമാകുന്നു....
"അങ്ങനെ ലോകമിങ്ങനെയായി"
ഇതിനൊരു പരിഹാരം ഇല്ലേ....
ശ്രീനാരായണഗുരുദേവൻ പറഞ്ഞതുപോലെ
അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന്നുസുഖത്തിനായ് വരേണം...
അവനവന്റെ സുഖത്തിനു മാത്രമല്ല...അപരന്റെ സുഖത്തിനും പ്രാധാന്യം....
വലിയൊരു ലോകം നന്നാവാൻ ചെറിയൊരു സൂത്രം കാതിലോതാം സ്വയം നന്നാവുക...എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞതും വിസ്മരിക്കരുതല്ലോ...
#മാനസസരസ്സിലൂടെ 1
വിപിൻ വിളക്കുടി

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"