::::എന്റെ ഗീതാദ്ധ്യയനം ::::2::::1.അർജ്ജുനവിഷാദയോഗം

"ഓം ശ്രീ പരമാത്മനേ നമഃ"


                      സഞ്ജയൻ പറഞ്ഞു :                                                                 സഞ്ജയ ഉവാച:

പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻ        ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധന‍സ്തദാ
ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ  1.2     ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്    1.2



സഞ്ജയൻ:
ധൃതരാഷ്ട്രരുടെ മന്ത്രിയാണ് സഞ്ജയൻ.

ദ്രോണർ:
ദേവഗുരു ബൃഹസ്പതിയുടെ അംശാവതാരം.

പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ. ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം. 

അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്.

ദരിദ്രനായ ദ്രോണർ, പരശുരാമൻ മഹേന്ദ്ര പർവ്വതത്തിൽ ദാനം നൽകുന്നുണ്ടെന്ന് കേട്ട് ദാരിദ്ര്യത്തിൽ നിന്ന് മുക്തിനേടുവാനായി അങ്ങോട്ടേക്ക് പുറപ്പെട്ടു.പക്ഷെ അവിടെ എത്തിയപ്പോഴേക്കും ഭാർഗ്ഗവരാമൻ തനിക്കുള്ള ധനമെല്ലാം ദാനം ചെയ്തിരുന്നു.ഇനി തന്റെ കയ്യിൽ ഉള്ളത് ഗൂഢതത്വങ്ങളോടുകൂടിയ അസ്ത്രങ്ങളും,ധനുർവ്വേദവും മാത്രമെന്നറിയിച്ചു.അങ്ങനെ പരശുരാമനിൽ നിന്നും ദ്രോണർ ഗൂഢതത്വങ്ങളോടെ ധനുവ്വേദം മുഴുവനും സ്വീകരിച്ച്,അസ്ത്രവിദ്യയിൽ അജയ്യനായിത്തീർന്നു.പിന്നീടിത് ദാരിദ്ര്യശമനത്തിനും ഹേതുവായി.

ദ്രുപദരാജപുത്രനും ദ്രോണരും ഒരേ ഗുരുവിന്റെ സമീപത്തായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. അന്ന് ഉറ്റസുഹൃത്തുക്കളായിരുന്നു ഇവർ. രാജാവാകുമ്പോൾ തന്റെ പകുതിരാജ്യം ദ്രോണർക്കു നല്കുമെന്ന് ദ്രുപദരാജകുമാരൻ പറഞ്ഞിരുന്നു.കാലം കടന്നുപോയി.ദ്രോണാചാര്യർ ദാരിദ്ര്യദുഃഖത്തിലായി. പഴയ സുഹൃത്തിനെക്കണ്ട് സഹായം അഭ്യർഥിക്കാമെന്നു കരുതി രാജധാനിയിലെത്തിയ ദ്രോണരെ ദ്രുപദരാജാവ് പരിഹസിച്ച് അയയ്ക്കുകയാണുണ്ടായത്. വ്രണിതഹൃദയനായി ദ്രോണർ ദേശാടനം നടത്തവെ ഹസ്തിനപുരിയിലെത്തിയ സമയത്ത് പാണ്ഡവ-കൗരവ കുമാരന്മാരുടെ അസ്ത്രാഭ്യാസത്തിന് ഭീഷ്മർ ദ്രോണരോട് അഭ്യർഥിച്ചു. അങ്ങനെയാണ് ദ്രോണാചാര്യർ ആ കർത്തവ്യം ഏറ്റെടുത്തത്. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ എന്താണ് ഗുരുദക്ഷിണയായി വേണ്ടതെന്ന് ശിഷ്യന്മാർ ആചാര്യനോടു ചോദിക്കുകയും ദ്രുപദരാജനെ പിടിച്ചുകെട്ടി തന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആചാര്യൻ മറുപടി പറയുകയും ചെയ്തു. ആദ്യം ദുര്യോധനൻ അനുയായികളോടൊപ്പം എത്തി ദ്രുപദനെ എതിരിട്ടെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. അർജ്ജുനൻ ദ്രുപദനോടെതിരിട്ട് അയാളെ ബന്ധനസ്ഥനാക്കി ആചാര്യന്റെ മുമ്പിലെത്തിച്ചു. ദ്രുപദനെ വധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. പകരം പാഞ്ചാലരാജ്യം രണ്ടായി വിഭജിച്ച് ദക്ഷിണപാഞ്ചാലം ദ്രോണരെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദന് നല്കി തിരിച്ചയയ്ക്കുകയും ചെയ്തു. വ്രണിതഹൃദയനായ ദ്രുപദൻ ദ്രോണാചാര്യരെ വധിക്കുവാൻ പ്രാപ്തിയുള്ള സന്താനത്തിനുവേണ്ടി യജ്ഞം നടത്തുകയും യാഗാഗ്നിയിൽനിന്ന് ഒരു ആൺകുട്ടിയും പെൺകുട്ടിയും പ്രത്യക്ഷരാവുകയും ചെയ്തു. ഇവരാണ് ധൃഷ്ടദ്യുമ്നനും പാഞ്ചാലിയും. യുദ്ധസമയത്തിൽ, ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ട് ഭീമൻ അതിനെ കൊല്ലുകയും അശ്വത്ഥാമാവ് മരിച്ചുവെന്ന് പറയുകയും ചെയ്തു. എപ്പോഴും സത്യം മാത്രം പറയുന്ന യുധിഷ്ഠിരനോട്‍ ഇതു ശരിയാണോ എന്ന് അന്വേഷിച്ചപ്പോൾ, അശ്വത്ഥാമാ ഹത കുഞ്ജര എന്ന് യുധിഷ്ഠിരൻ പറഞ്ഞു. അപ്പോൾ മുഴക്കിയ കാഹളങ്ങളുടെ ശബ്ദത്തിൽ കുഞ്ജര(ആന) എന്ന് കേൾക്കാതിരുന്ന ദ്രോണർ ആയുധം താഴെ വയ്ക്കുകയും പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നൻ യുദ്ധഭൂമിയിൽവച്ച് ദ്രോണാചാര്യരെ വധിക്കുകയും ചെയ്തു.

Comments

Popular posts from this blog

അവിസ്മരണീയ യാത്രാനുഭവങ്ങളിലൂടെ......ഭാഗം 3

ഉദ്ധരേതാത്മനാത്മാനം......

"നാമവും രൂപവും"